തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനൊപ്പം സുരക്ഷാ നടപടികളുടെയും എസ്.ഐ.ആർ പ്രവർത്തനങ്ങളുടെയും പുരോഗതി അദ്ദേഹം പരിശോധിക്കും. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം നാളെയും മറ്റന്നാളുമായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും.

നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ഡിജിപി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ മാധ്യമങ്ങളെ കാണുന്നതിനായി വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്ത് ഏപ്രിൽ അവസാന വാരത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചനകൾ. വോട്ടർ പട്ടിക പുതുക്കുന്നതും പോളിങ് സ്റ്റേഷനുകളുടെ സജ്ജീകരണവും സംബന്ധിച്ച കൃത്യമായ വിലയിരുത്തലുകൾ കമ്മീഷണറുടെ ഈ സന്ദർശനത്തോടെ പൂർത്തിയാകും.
