തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പത്ത് മന്ത്രിമാരെയും നിലവിലെ മണ്ഡലങ്ങളിൽ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ഥാനാർഥി പട്ടികയിൽ വലിയ സർപ്രൈസുകൾ ഉണ്ടാകില്ലെന്നാണ് സൂചന. ഒഴിവാക്കണമെന്ന് വ്യക്തിപരമായ ആവശ്യങ്ങൾ ഉന്നയിച്ചിട്ടും മന്ത്രി വീണാ ജോർജ് ആറന്മുളയിലും, മുൻ മന്ത്രി കെ.ടി. ജലീൽ തവനൂരിലും വീണ്ടും ജനവിധി തേടും. ജലീലിന് പകരം അനുയോജ്യനായ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്തതാണ് അദ്ദേഹത്തെ നിലനിർത്താൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഇത്തവണ മാറ്റമുണ്ടാകും. സിറ്റിംഗ് എംഎൽഎ പി. നന്ദകുമാറിന് പകരം മുൻ പിഎസ്‌സി ചെയർമാനും നിലവിൽ വഖഫ് ബോർഡ് ചെയർമാനുമായ അഡ്വ. എം.കെ. സക്കീറിനെ മത്സരിപ്പിക്കാനാണ് ധാരണ. കുന്നമംഗലത്ത് എൽഡിഎഫ് സ്വതന്ത്രനായി പി.ടി.എ. റഹീം വീണ്ടും കളത്തിലിറങ്ങും. അതേസമയം, സജീവമായി രംഗത്തുണ്ടാകുമെന്ന് കരുതിയിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.

പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം മുൻ മന്ത്രി കെകെ ശൈലജയുടേതാണ്. സിറ്റിങ് മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറി പേരാവൂരിലാകും ഇത്തവണ ശൈലജ ടീച്ചർ മത്സരിക്കുക. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഇവിടെ ശൈലജയുടെ എതിരാളി. ഇതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഏറ്റവും വലിയ പോരാട്ട വേദിയായി പേരാവൂർ മാറും. വുമ ദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം തേടിയ ശേഷം സ്ഥാനാർഥി പട്ടികയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
