മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലിൽ നിർണായകമായ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. വെസ്റ്റിൻഡീസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. ഇംഗ്ലണ്ട് റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർടണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാൽ വാങ്കഡെയിൽ രണ്ടാമത് ബൗൾ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ.
ടി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടമാണിത്. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിർത്താനുള്ള യാത്രയിലാണെങ്കിൽ 2022-ലെ ജേതാക്കളായ ഇംഗ്ലണ്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.

കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇന്ത്യയും ഇംഗ്ലണ്ടും കണ്ടുമുട്ടിയിരുന്നു. 2022-ൽ ഇന്ത്യയെ തേൽപ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം നേടി. 2024-ൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടത്തിലെത്തി. അതുകൊണ്ടുതന്നെ വ്യാഴാഴ്ച ജയിക്കുന്ന ടീമിന് ഫൈനലിൽ ആത്മവിശ്വാസം കൂടും.
