ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങൾ എല്ലാ അമേരിക്കക്കാരെയും പുറത്താക്കണമെന്നും യുഎസ് സൈനികത്താവളങ്ങൾ നീക്കംചെയ്യണമെന്നും ഇറാന്റെ ഭീഷണി. ഇറാൻ എംപിയാണ് ഗൾഫ് രാജ്യങ്ങൾക്കെതിരേ ഭീഷണി മുഴക്കിയത്. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് ഇറാന്റെ മിസൈലുകളിൽനിന്നുള്ള ഭീഷണി ഒഴിവാക്കണമെങ്കിൽ അവർ അമേരിക്കക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ഇറാനിയൻ എംപി പറഞ്ഞതായി ‘ടെഹ്‌റാൻ ടൈംസ്’ റിപ്പോർട്ട്‌ചെയ്തു. തങ്ങളുടെ അതിർത്തിയിൽനിന്ന് അമേരിക്കൻ സൈനികത്താവളങ്ങൾ പൂർണമായും നീക്കംചെയ്‌തെന്ന് ഈ രാജ്യങ്ങൾ ഉറപ്പാക്കണമെന്നും എംപി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം തുടർച്ചയായ ആറാംദിവസത്തിലേക്ക് കടന്നതിനിടെയാണ് ഇറാനിയൻ എംപിയുടെ ഭീഷണി. അതിനിടെ, യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി. വ്യാഴാഴ്ചയും ഇസ്രയേൽ ഇറാനിൽ കനത്ത വ്യോമാക്രമണങ്ങൾ നടത്തി. ഹിസ്ബുള്ളക്കെതിരേ ലെബനനിലും ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്.
അതിനിടെ, ഇറാന്റെ യുദ്ധക്കപ്പൽ മുക്കിയതിന് അമേരിക്ക അങ്ങേയറ്റം പശ്ചാത്തപിക്കേണ്ടിവരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെ യുഎസ് പതാകയുള്ള എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ സായുധസേനയായ ഐആർജിസിയും അവകാശപ്പെട്ടു. പേർഷ്യൻ ഗൾഫിൽവെച്ചാണ് യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതെന്നും ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചെന്നും ഐആർജിസി അവകാശപ്പെട്ടിരുന്നു.
