Thursday, March 5, 2026

യാത്രക്കാരെ വലച്ച് റോഡുകളിലെ കുഴികൾ; അറ്റകുറ്റപ്പണികളുമായി കിച്ചനർ

കിച്ചനർ: ദീർഘമേറിയതും കഠിനവുമായ ശൈത്യകാലത്തിന് ശേഷം കിച്ചനറിലെ മിക്ക റോഡുകളും തകർന്ന നിലയിൽ. കാലാവസ്ഥയിൽ നേരിയ മാറ്റം വന്നതോടെ റോഡുകളുടെ അവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ സിറ്റി ജീവനക്കാർ ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു. സിറ്റിയുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെയും റീജിനൽ റോഡുകളുടെയും അറ്റകുറ്റപ്പണികൾ നിലവിൽ കിച്ചനർ സിറ്റി ജീവനക്കാരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ റോഡുകളുടെ ശോചാനാവസ്ഥയെക്കുറിച്ച് നിരവധി പരാതികളാണ് താമസക്കാരിൽ നിന്നും കൗൺസിലിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ. എന്നാൽ മാറുന്ന കാലാവസ്ഥ റോഡ് അറ്റകുറ്റപ്പണികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിലെ തണുപ്പുള്ള സാഹചര്യത്തിൽ റോഡുകളിൽ സ്ഥിരമായ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്ന് കിച്ചനർ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ജനറൽ മാനേജർ ഡെനീസ് മക്ഗോൾഡ്രിക് വ്യക്തമാക്കി. ഹോട് അസ്ഫാൽറ്റ് നിർമ്മാണ പ്ലാന്റുകൾ ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തതാണ് ഇതിന് പ്രധാന കാരണം. വാട്ടർലൂ മേഖലയിലെ ഭൂരിഭാഗം അസ്ഫാൽറ്റ് നിർമ്മാതാക്കളും മെയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പ്രവർത്തിക്കുന്നത്.

നിലവിൽ ഈർപ്പമുള്ള സാഹചര്യങ്ങളിൽ ‘കോൾഡ് പാച്ചുകൾ’ ഉപയോഗിച്ചാണ് കുഴികൾ അടയ്ക്കുന്നത്. എന്നാൽ ഇത്തരം താൽക്കാലിക പരിഹാരങ്ങൾ ഏതാനും ദിവസങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂവെന്ന് മക്ഗോൾഡ്രിക് കൂട്ടിച്ചേർത്തു. റോഡുകളിലെ കുഴികൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം തേടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് മേയർ ബെറി വർബനോവിച്ച് പറഞ്ഞു. ഇൻഷുറൻസ് തുകയായി പണം നൽകുന്നതിനേക്കാൾ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി മുൻഗണന നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!