Friday, March 6, 2026

വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസത്തിന് അവസരം; പുതിയ പദ്ധതിയുമായി ഫെഡറല്‍ സര്‍ക്കാര്‍

ഓട്ടവ: കാനഡയിലെ കുടിയേറ്റ നിയമങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി ഫെഡറല്‍ സര്‍ക്കാര്‍. താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് കൈവശമുള്ളവര്‍ക്ക് (PR) കാനഡയില്‍ സ്ഥിരതാമസത്തിന് (Permanent Residency) അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായതായി ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്ലെജ് ഡിയാബ് അറിയിച്ചു. കാലാവധി കഴിയാറായ ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ആശങ്കയില്‍ കഴിയുന്ന സാഹചര്യത്തിലാണ്, നവംബറില്‍ വാഗ്ദാനം ചെയ്ത ഈ പദ്ധതിയുടെ ‘സോഫ്റ്റ് ലോഞ്ച്’ (Soft-launch) ഇപ്പോള്‍ നടന്നിരിക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഡിമാന്‍ഡ് കൂടുതലുള്ള തൊഴില്‍ മേഖലകളിലെ 33,000 നൈപുണ്യമുള്ള താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഈ പദ്ധതിയിലൂടെ സ്ഥിരതാമസം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2025-ല്‍ ഏകദേശം 21 ലക്ഷം പേരുടെ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരുന്നു. 2026-ല്‍ 19 ലക്ഷത്തിലധികം പേരുടെ കൂടി കാലാവധി കഴിയാനിരിക്കെ, ഇവര്‍ അനധികൃത കുടിയേറ്റക്കാരായി മാറുന്നത് തടയാന്‍ കുടിയേറ്റ ജനസംഖ്യ പരിമിതപ്പെടുത്തുക എന്ന തന്ത്രമാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്വീകരിക്കുന്നത്.

താല്‍ക്കാലിക താമസക്കാരുടെ എണ്ണം 2027-ഓടെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെയായി കുറയ്ക്കുമെന്ന് കാര്‍ണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി താല്‍ക്കാലിക വിസയിലുള്ളവരെ സ്ഥിരതാമസക്കാരാക്കി മാറ്റുന്നതിനാണ് മുന്‍ഗണന. പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി. വിവാദമായ ‘ബില്‍ സി-12’ (Bill C-12) വഴി കുടിയേറ്റ അപേക്ഷകള്‍ റദ്ദാക്കാനോ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനോ ഉള്ള പ്രത്യേക അധികാരം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കുടിയേറ്റം കുറയ്ക്കുന്നതിനെതിരെ തൊഴിലുടമകളില്‍ നിന്നും ബിസിനസ് ഗ്രൂപ്പുകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ട്. കാനഡയില്‍ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണെന്നും ഈ വിടവ് നികത്താന്‍ കുടിയേറ്റക്കാര്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച അവര്‍, വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനാണ് മുന്‍ഗണനയെന്നും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!