വൻകൂവർ: ടംബ്ലർ റിഡ്ജ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ മാപ്പുപറയാൻ തയ്യാറാണെന്ന് ബി.സി. പ്രീമിയർ ഡേവിഡ് ഈബി അറിയിച്ചു. 2026 ഫെബ്രുവരി 10-ന് 18 വയസ്സുകാരനായ ജെസ്സി വാൻ റൂട്ട്സെലാർ നടത്തിയ വെടിവെയ്പ്പിൽ 6 കുട്ടികളടക്കം 8 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിയുടെ ചാറ്റ് ജിപിടി അക്കൗണ്ട് അക്രമാസക്തമായ പോസ്റ്റുകൾ കാരണം 2025 ജൂണിൽ തന്നെ ഓപ്പൺഎഐ ബാൻ ചെയ്തിരുന്നു. എന്നാൽ ഈ വിവരം കമ്പനി പോലീസിനെ അറിയിച്ചില്ല. കൃത്യസമയത്ത് വിവരം കൈമാറിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ഡേവിഡ് എബി ദുരന്തമുണ്ടായതിന് പിന്നാലെ കുറ്റപ്പെടുത്തിയിരുന്നു. അതേ സമയം ഒരു മാപ്പ് കൊണ്ടു മാത്രം ഒരു മുറിവും മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം അപകടകരമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അത് പൊലീസിനെ അറിയിക്കാൻ കർശനമായ ദേശീയ നിയമങ്ങൾ വേണമെന്ന് ആൾട്ട്മാനും പ്രീമിയറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി. കമ്പനികളുടെ ആഭ്യന്തര സമിതികൾക്ക് വിടാതെ, നിയമപരമായ ഒരു ‘ഡ്യൂട്ടി ടു റിപ്പോർട്ട്’ സംവിധാനം കൊണ്ടുവരാൻ ശുപാർശ ചെയ്യാനും തീരുമാനമായി.

പ്രതിക്ക് മറ്റൊരു അക്കൗണ്ട് കൂടി ഉണ്ടായിരുന്നതായും ആദ്യത്തെ നിരോധനം മറികടന്നാണ് അയാൾ ഇത് ഉപയോഗിച്ചതെന്നും ഓപ്പൺ എഐ വെളിപ്പെടുത്തിയിരുന്നു. ഐടി മന്ത്രി ഇവാൻ സോളമനുമായുള്ള ചർച്ചയ്ക്ക് ശേഷം ഓപ്പൺഎഐയിൽ ചില പ്രധാന മാറ്റങ്ങൾ സാം ആൾട്ട്മാൻ വാഗ്ദാനം ചെയ്തു. കാനഡയിലെ മാനസികാരോഗ്യ വിദഗ്ധരെയും നിയമവിദഗ്ധരെയും ഓപ്പൺഎഐയുടെ സേഫ്റ്റി ഓഫീസിൽ ഉൾപ്പെടുത്തും. ഉയർന്ന അപകടസാധ്യതയുള്ള അക്കൗണ്ടുകളെ കണ്ടെത്താനും പുതിയ സംവിധാനം വികസിപ്പിക്കും. അതേ പോലെ എന്തെങ്കിലും സംശയാസ്‌പദമായ നീക്കങ്ങൾ കാണുകയാണെങ്കിൽ നേരിട്ട് ആ ഭീഷണികൾ ആർ.സി.എം.പി.ക്ക് റിപ്പോർട്ട് ചെയ്യും.
