ഓട്ടവ : കാനഡയിലെ ആയിരക്കണക്കിന് ഇറാൻ പൗരന്മാർക്കൊരു സന്തോഷവാർത്ത. ഇറാനിൽ തുടരുന്ന യുദ്ധവും അനിശ്ചിതത്വവും കണക്കിലെടുത്ത് കാനഡയിലുള്ള ഇറാൻ പൗരന്മാരുടെ പ്രത്യേക വർക്ക് പെർമിറ്റ് ആനുകൂല്യങ്ങൾ 2027 മാർച്ച് വരെ നീട്ടി. മാർച്ച് ഒന്ന് മുതൽ മുന്കാലപ്രാബല്യത്തോടെ ഈ നടപടി നിലവിൽ വന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഇറാനിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനാൽ ഇറാനിയൻ പൗരന്മാർക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

എന്നാൽ, ഈ പ്രത്യേക വർക്ക് പെർമിറ്റ് ആനുകൂല്യങ്ങൾ എല്ലാ ഇറാനിയൻ പൗരന്മാർക്കും ലഭിക്കില്ല. നിലവിൽ കാനഡയിൽ വർക്ക് പെർമിറ്റുള്ള ഇറാൻ പൗരന്മാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സന്ദർശക വീസയിൽ എത്തിയവർക്കും വിദ്യാർത്ഥികൾക്കും ഈ ഇളവുകൾ അനുവദിച്ചിട്ടില്ല. യോഗ്യരായ അപേക്ഷകർക്ക് പാസ്‌പോർട്ട് കാലാവധി അനുസരിച്ച് രണ്ട് വർഷം വരെ വർക്ക് പെർമിറ്റ് നീട്ടി ലഭിക്കും. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ അപേക്ഷകർ ഇറാനിയൻ പാസ്‌പോർട്ട് ഉള്ളവരായിരിക്കണം. കൂടാതെ 2025 ഫെബ്രുവരി 28-ന് മുമ്പ് ആദ്യമായി വർക്ക് പെർമിറ്റ് ലഭിച്ചവരുമായിരിക്കണം. അപേക്ഷാ നടപടികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് അപേക്ഷാ ഫീസ് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അപേക്ഷകർ വർക്ക് പെർമിറ്റ് വിഭാഗം അനുസരിച്ച് 155 ഡോളർ മുതൽ 355 ഡോളർ വരെ ഫീസ് അടയ്ക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2027 മാർച്ച് 31 ആണ്. നിലവിലെ വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നതിന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കണമെന്ന് ഐആർസിസി നിർദ്ദേശിച്ചു.
