ഓട്ടവ: മിഡിൽ ഈസ്റ്റ് യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന കനേഡിയൻ പൗരന്മാരെ പുറത്തെത്തിക്കുന്നതിനായി ഒരുക്കിയ ചാർട്ടേഡ് വിമാനങ്ങളും ബസ്സുകളും ഉടൻ പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ശനിയാഴ്ച ദുബായിൽ നിന്ന് ഇസ്താംബൂളിലേക്ക് പുറപ്പെടുന്ന ചാർട്ടേഡ് വിമാനത്തിൽ 180 കനേഡിയൻ പൗരന്മാരെയാണ് കൊണ്ടുപോകുന്നത്. ചെലവ് തിരിച്ചുപിടിക്കുന്ന അടിസ്ഥാനത്തിലാണ് ഈ വിമാന സർവീസുകൾ പ്രവർത്തിക്കുന്നത്.
എയർ അറേബ്യ വിമാനങ്ങളിൽ ദുബായിൽ നിന്ന് ഇസ്താംബൂളിലേക്ക് ഓരോ സർവീസിലും 50 സീറ്റുകൾ വീതം സർക്കാർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. കൂടാതെ, ശനിയാഴ്ച ദുബായിൽ നിന്ന് ടൊറന്റോയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ 51 സീറ്റുകളും കനേഡിയൻ പൗരന്മാർക്കായി ക്രമീകരിച്ചു. വരും ദിവസങ്ങളിൽ ബെയ്റൂട്ടിൽ നിന്ന് ഇസ്താംബൂളിലേക്ക് നടത്തുന്ന നാല് പ്രത്യേക വിമാനങ്ങളിലായി 200 സീറ്റുകൾ കൂടി സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

വ്യോമഗതാഗതത്തിന് പുറമെ, ശനിയാഴ്ച മുതൽ ഖത്തറിൽ നിന്ന് സൗദി അറേബ്യയിലേക്ക് 180 സീറ്റുകളുള്ള നാല് ചാർട്ടേഡ് ബസ്സുകളും സർവീസ് നടത്തുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. നിലവിൽ യുദ്ധമേഖലയിലുള്ള 1.08 ലക്ഷത്തിലധികം കനേഡിയൻ പൗരന്മാർ ഗ്ലോബൽ അഫയേഴ്‌സ് കാനഡയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 3,500 ഓളം പേർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
