വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കടുത്ത ലൈംഗിക ആരോപണങ്ങളുയര്‍ത്തുന്ന നിര്‍ണ്ണായകമായ ‘എപ്സ്റ്റീന്‍ ഫയലുകള്‍’ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ പ്രതിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകളിലാണ് ട്രംപിനെതിരെയുള്ള പരാമര്‍ശങ്ങളുള്ളത്. 2019-ല്‍ എഫ്ബിഐക്ക് നല്‍കിയ അഭിമുഖത്തില്‍, 1980-കളില്‍ തനിക്ക് 15 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളപ്പോള്‍ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തിയതായി ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്ന് ഏകദേശം 47,000-ത്തോളം രേഖകള്‍ നീതിന്യായ വകുപ്പ് മറച്ചുവെച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇവ പരസ്യപ്പെടുത്തിയിരിക്കുന്നത്. ട്രംപിനെതിരെ മൊഴി നല്‍കിയ സ്ത്രീയുടെ അഭിമുഖ വിവരങ്ങള്‍ നേരത്തെ ഒഴിവാക്കിയത് സാങ്കേതികമായ പിഴവുകള്‍ മൂലമാണെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ട്രംപിനെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

എപ്സ്റ്റീന്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യുഎസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചു. സുപ്രധാന തെളിവുകള്‍ മറച്ചുവെച്ചു എന്ന പരാതിയില്‍ പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെ അവര്‍ ഹാജരാകേണ്ടി വരും. 2025-ലെ എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ നിയമപ്രകാരമാണ് ലക്ഷക്കണക്കിന് രേഖകള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരിക്കുന്നത്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ട്രംപ് ആവര്‍ത്തിച്ചു.
