ഓട്ടവ : രണ്ട് വ്യത്യസ്ത പ്രശ്നങ്ങളെ തുടർന്ന് കാനഡയിൽ ലക്ഷക്കണക്കിന് ഫോർഡ് വാഹനങ്ങൾ തിരിച്ചു വിളിച്ചു. വിൻഡ്‌ഷീൽഡ് വൈപ്പർ മോട്ടോറുകളിലും ഇന്‍റഗ്രേറ്റഡ് ട്രെയിലർ മൊഡ്യൂളുകളിലും ഉള്ള പ്രശ്നങ്ങളെ തുടർന്നാണ് നടപടിയെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. ഈ പ്രശ്നങ്ങൾ അപകട സാധ്യത വർധിപ്പിക്കുമെന്നും ഫെഡറൽ ഏജൻസി ചൂണ്ടിക്കാട്ടി.

ട്രെയിലർ മൊഡ്യൂൾ പ്രശ്നങ്ങൾ കാരണം കാനഡയിൽ 627,267 ഫോർഡ് ട്രക്കുകൾ, വാനുകൾ, എസ്‌യുവികൾ എന്നിവ തിരിച്ചു വിളിച്ചു. ഫോർഡ് എക്സ്പെഡിഷൻ, ഫോർഡ് എഫ്-150, ഫോർഡ് എഫ്-250 സൂപ്പർ ഡ്യൂട്ടി, ഫോർഡ് എഫ്-350 സൂപ്പർ ഡ്യൂട്ടി, ഫോർഡ് എഫ്-450 സൂപ്പർ ഡ്യൂട്ടി, ഫോർഡ് എഫ്-550 സൂപ്പർ ഡ്യൂട്ടി, ഫോർഡ് എഫ്-600, ഫോർഡ് മാവെറിക്, ഫോർഡ് റേഞ്ചർ, ഫോർഡ് ട്രാൻസിറ്റ്, ലിങ്കൺ നാവിഗേറ്റർ എന്നിവയാണ് ബാധിത മോഡലുകൾ. പ്രശ്നം പരിഹരിക്കുന്നതിനായി തകരാറിലായ വാഹനങ്ങളുടെ ഉടമകൾക്ക് “വയർലെസ് ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്” മെയിലിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഫോർഡ് ഡീലർഷിപ്പിൽ അപ്പോയിന്റ്മെൻ്റ് എടുത്തും തകരാർ പരിഹരിക്കാം.

വിൻഡ്‌ഷീൽഡ് വൈപ്പറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഏകദേശം 54,078 ഫോർഡ്, ലിങ്കൺ എസ്‌യുവികൾ തിരിച്ചുവിളിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തു. ഫോർഡ് എസ്‌കേപ്പ്, ഫോർഡ് എക്സ്പ്ലോറർ, ലിങ്കൺ കോർസെയർ, ലിങ്കൺ ഏവിയേറ്റർ എന്നീ വാഹനങ്ങളുടെ 2020, 2021, 2022 മോഡൽ വാഹനങ്ങൾക്ക് ഇത് ബാധകമാണ്. അസംബ്ലി സമയത്ത് മോട്ടോറിന്‍റെ കവർ ടെർമിനലും ബ്രഷ് കാർഡ് ടെർമിനലും തമ്മിലുള്ള ബന്ധം തകരാറിലാവുമെന്ന് കമ്പനി പറയുന്നു. ഇതോടെ വൈപ്പറുകൾ ഇടയ്ക്കിടെ മാത്രമേ പ്രവർത്തിക്കാൻ സാധ്യതയുള്ളൂ. വാഹനങ്ങൾ പരിശോധനയ്ക്കായി ഡീലർഷിപ്പിൽ കൊണ്ടുവരാൻ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ആവശ്യമെങ്കിൽ മോട്ടോറുകൾ മാറ്റി നൽകുമെന്നും ഫോർഡ് പറയുന്നു.
