ഓട്ടവ : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഖലിസ്ഥാൻ പ്രസ്ഥാനത്തിൻ്റെ കടുത്ത വിമർശകയുമായ നാൻസി ഗ്രെവാൾ (45) കുത്തേറ്റ് മരിച്ചു. മാർച്ച് 3-ന് രാത്രി ഒമ്പതരയോടെ ഒൻ്റാരിയോ വിൻസർ-എസെക്സ് മേഖലയിലെ ലാസാലെയിലെ ടോഡ് ലെയ്നിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നാൻസിയെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ലാസല്ലെ പൊലീസ് അറിയിച്ചു. ലുധിയാനയിലെ നരംഗ്വാൾ സ്വദേശിനിയാണ് നാൻസി ഗ്രെവാൾ 2018-ലാണ് കാനഡയിലെത്തിയത്.

നാൻസിയുടെ മരണം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് സഹോദരി അലീഷ ആരോപിച്ചു. ഖലിസ്ഥാൻ വിഘടനവാദികൾക്കെതിരെയും രാഷ്ട്രീയ-മത നേതാക്കൾക്കെതിരെയും നാൻസി തൻ്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പ്രതികരിച്ചിരുന്നു. ഇതിലുള്ള പ്രതികാരമാകാം കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു. ഇതൊരു യാദൃശ്ചികമായ ആക്രമണമല്ലെന്നും നാൻസിയെ ലക്ഷ്യം വെച്ച് നടത്തിയ ആസൂത്രിത നീക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്ക് വധഭീഷണിയുണ്ടെന്ന് നാൻസി നേരത്തെ പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ നിരീക്ഷണ ദൃശ്യങ്ങളുള്ള താമസക്കാർ ഉൾപ്പെടെ 519-969-5210 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ലാസല്ലെ പൊലീസ് അഭ്യർത്ഥിച്ചു.
