Friday, March 6, 2026

ഖമനയിയെ വധിക്കാന്‍ പദ്ധതിയിട്ടത് നവംബറില്‍; വെളിപ്പെടുത്തി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനുള്ള തീരുമാനം കഴിഞ്ഞ നവംബറില്‍ തന്നെ ഇസ്രയേല്‍ കൈക്കൊണ്ടിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വെളിപ്പെടുത്തി. ഇസ്രയേലിലെ എന്‍12 ടിവി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അതീവ രഹസ്യ സ്വഭാവമുള്ള യോഗത്തിലാണ് ഖമനയിയെ ലക്ഷ്യമിടാന്‍ തീരുമാനിച്ചതെന്നും, 2026 പകുതിയോടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതി സാഹചര്യങ്ങള്‍ പരിഗണിച്ച് നേരത്തെയാക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെയാണ് ഖമനയി കൊല്ലപ്പെട്ടത്. ഒരു രാജ്യത്തിന്റെ പരമാധികാരി ഇത്തരമൊരു സൈനിക നീക്കത്തിലൂടെ കൊല്ലപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈല്‍ ശേഷിയും പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് കാറ്റ്‌സ് പറഞ്ഞു. ഇറാന്റെ തിരിച്ചടി ഭയന്നാണ് ജനുവരിയോടെ പദ്ധതി വേഗത്തിലാക്കാന്‍ വാഷിങ്ടണുമായി ചേര്‍ന്ന് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖമനയിയുടെ വധത്തോടെ പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിനും വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഇറാന്‍ ശക്തമായ തിരിച്ചടി തുടരുകയാണ്. ഇതിനിടെ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കങ്ങളും ഇസ്രയേല്‍ തീവ്രമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!