എഡ്മിന്‍റൻ: ആൽബർട്ടയിലെ വെറ്റാസ്കവിൻ ഹോസ്പിറ്റൽ ആൻഡ് കെയർ സെന്ററിൽ അഞ്ചാംപനി സ്ഥിരീകരിച്ചതിനെത്തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. മാർച്ച് ഒന്നിന് രാത്രി 8:10-നും 10:40-നും ഇടയിൽ ആശുപത്രിയിലെ ട്രയേജ് സെന്ററിലോ, 8:35 മുതൽ മാർച്ച് രണ്ടിന് പുലർച്ചെ 1:10 വരെയുള്ള സമയത്തിനിടയിൽ ആശുപത്രിയുടെ അക്യൂട്ട് കെയർ വെയിറ്റിങ് റൂമിലോ
എമർജൻസി വിഭാഗത്തിലോ ഉണ്ടായിരുന്നവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

സമ്പർക്കം കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസം വരെ അഞ്ചാംപനി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം, തലയിലും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും താഴേക്ക് പടരുന്ന ചുവന്ന ചുണങ്ങു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവർ വീട്ടിൽ തന്നെ തുടരണമെന്നും ആശുപത്രികളോ ഫാർമസികളോ നേരിട്ട് സന്ദർശിക്കുന്നതിന് മുൻപ് 1-844-944-3434 എന്ന മീസിൽസ് ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് നിർദ്ദേശങ്ങൾ തേടണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു.
