ഓട്ടവ: കാനഡയുടെ പുതിയ പാർലമെന്ററി ബജറ്റ് ഓഫീസറെ (PBO) നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവും തമ്മിലുള്ള തർക്കം മുറുകുന്നു. പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ തനിക്ക് ആശങ്കകളുണ്ടെന്ന് പൊളിയേവ് വ്യക്തമാക്കി. നിലവിൽ ഇടക്കാല ചുമതല വഹിക്കുന്ന ജേസൺ ജാക്വസിനെ തന്നെ സ്ഥിരമായി ഈ പദവിയിൽ നിയമിക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പൊളിയേവ് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തി. സെപ്റ്റംബറിൽ ആറുമാസത്തേക്ക് നിയമിക്കപ്പെട്ട ജാക്വസിൻ്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെ, പുതിയ ഉദ്യോഗസ്ഥനില്ലാതെ ഓഫീസിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനോ പാർലമെൻ്റംഗങ്ങളുടെ പുതിയ അപേക്ഷകൾ സ്വീകരിക്കാനോ നിലവിൽ ബജറ്റ് ഓഫീസിന് സാധിക്കില്ല.

സർക്കാരിൻ്റെ സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ മേൽനോട്ടവും സുതാര്യതയും ഉറപ്പാക്കാൻ ജാക്വസിനെപ്പോലെയുള്ള ഉദ്യോഗസ്ഥൻ അത്യാവശ്യമാണെന്ന് പൊളിയേവ് വാദിക്കുന്നു. എന്നാൽ, സ്ഥിരമായ നിയമനത്തിനായി സുതാര്യവും യോഗ്യതാനടിസ്ഥാനത്തിലുള്ളതുമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയാണ് സർക്കാർ പിന്തുടരുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് ലോറ സ്കാഫിഡി അറിയിച്ചു. സ്ഥിരം ഓഫീസറെ കണ്ടെത്താനായി സർക്കാർ ഒരു വ്യക്തിയെ നാമനിർദ്ദേശം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ച മുതൽ വിവിധ പാർലമെൻ്ററി പാർട്ടികളുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി. ചർച്ചകൾ പൂർത്തിയാകുന്നതോടെ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയുടെ പേര് ഹൗസ് ഓഫ് കോമൺസിലും സെനറ്റിലും ഔദ്യോഗികമായി സമർപ്പിക്കുമെന്നും സ്കാഫിഡി പറഞ്ഞു.
