തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. നഴ്സുമാരുടെ ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ വരെയാക്കി വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായുള്ള കരട് വിജ്ഞാപനം ശനിയാഴ്ച പുറത്തിറങ്ങും. 800 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ അറ്റൻഡർ, ഹെൽപ്പർ ഉൾപ്പെടെയുള്ള മറ്റ് ആശുപത്രി ജീവനക്കാരുടെ ശമ്പളം 23,650 രൂപയായും വർദ്ധിപ്പിക്കും. പുതിയ പരിഷ്കരണത്തിൽ അഭിപ്രായം അറിയിക്കാൻ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

എന്നാൽ, സർക്കാരിന്റെ ഈ ശമ്പള വർധന അംഗീകരിക്കില്ലെന്ന് നഴ്സസ് സംഘടനയായ യു.എൻ.എ വ്യക്തമാക്കി. ഇപ്പോൾ പ്രഖ്യാപിച്ച വർധന അപര്യാപ്തമാണെന്നും, തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ പൂർണ്ണമായും പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടരാനാണ് നഴ്സുമാരുടെ തീരുമാനം. ശമ്പള വർധന ആവശ്യപ്പെട്ട് നിലവിൽ നഴ്സുമാർ നടത്തിവരുന്ന പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത.
