കീവ്: യുക്രെയ്‌നിലെ ഖാർകീവിൽ ജനവാസ മേഖലയിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ അഞ്ച് നില അപ്പാർട്ട്മെന്റിന് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ഒരു പ്രൈമറി സ്കൂൾ അധ്യാപികയും മകനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഖാർകീവിനു പുറമെ കീവ് ഉൾപ്പെടെയുള്ള എട്ട് കേന്ദ്രങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തി.
റഷ്യ പുതുതായി വികസിപ്പിച്ച ‘ഇസ്ഡെലിയേ-30’ ക്രൂസ് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 1,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ജാമിങിനെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനമുള്ളതാണ്. 29 മിസൈലുകളും 480 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഊർജ്ജ-ഗതാഗത മേഖലകളിൽ വൻ ആഘാതമുണ്ടാക്കാൻ ഈ ആക്രമണത്തിന് സാധിച്ചു.

ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി ശക്തമായി അപലപിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ ലോകശ്രദ്ധ മാറുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇതേസമയം, മിഡിൽ ഈസ്റ്റിലെ ഇറാൻ ഡ്രോൺ ഭീഷണി നേരിടാൻ അമേരിക്കയുടെ അഭ്യർത്ഥനപ്രകാരം യുക്രെയ്ൻ വിദഗ്ധരെ അങ്ങോട്ടേക്ക് അയച്ചതായും സെലൻസ്‌കി വെളിപ്പെടുത്തി.
