വാൽ ഡി ഫിയെമ്മെ (ഇറ്റലി): 2026-ലെ ശീതകാല പാരാലിമ്പിക്സ് വേദിയിൽ മെഡൽവേട്ടയ്ക്ക് തുടക്കം കുറിച്ച് കാനഡ. മത്സരങ്ങളുടെ ആദ്യ ദിനമായ ശനിയാഴ്ച രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ മൂന്ന് മെഡലുകൾ കനേഡിയൻ താരങ്ങൾ സ്വന്തമാക്കി. പാരാ ആൽപൈൻ സ്കീയിംഗിലും പാരാ നോർഡിക് ഇനത്തിലുമാണ് ഈ നേട്ടങ്ങൾ. ബി.സിയിലെ കിംബർലിയിൽ നിന്നുള്ള എറിക്സൺ തന്റെ പാരാലിമ്പിക്സ് അരങ്ങേറ്റത്തിൽ തന്നെ മെഡൽ നേടി ചരിത്രം കുറിച്ചു. പുരുഷന്മാരുടെ വിഷ്വലി ഇംപയേർഡ് ഡൗൺഹിൽ ഇനത്തിൽ ഗൈഡ് ആയ സിയറ സ്മിത്തിനൊപ്പമാണ് വെള്ളി മെഡൽ നേടിയത്. ബി.സിയിലെ സാൽമൺ ആം സ്വദേശിയായ നതാലി വിൽക്കി വനിതകളുടെ സ്റ്റാൻഡിംഗ് സ്പ്രിന്റ് ബയാത്ത്ലോണിൽ വെള്ളി സ്വന്തമാക്കി. താരത്തിന്റെ എട്ടാമത്തെ പാരാലിമ്പിക്സ് മെഡലാണിത്.

ബയാത്ത്ലോൺ ഇനത്തിൽ നതാലി നേടുന്ന ആദ്യ മെഡൽ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കാൽഗറി സ്വദേശിയായ 42-കാരൻ കർട്ട് ഓട്ട്വേ പുരുഷന്മാരുടെ ഡൗൺഹിൽ സിറ്റിംഗ് സ്കീ ഇനത്തിൽ വെങ്കലം നേടി. 2022-ലെ ബെയ്ജിംഗ് ഗെയിംസിൽ പരിക്കു മൂലം നഷ്ടമായ ഓട്ട്വേയുടെ കരുത്തുറ്റ തിരിച്ചുവരവായി ഈ നേട്ടം. ഇതൊരു സ്വപ്നം പോലെ തോന്നുന്നതായും ബയാത്ത്ലോണിൽ ഒരു മെഡൽ നേടുക എന്ന ലക്ഷ്യം ആദ്യ ദിനം തന്നെ സാധ്യമായതിൽ വലിയ സന്തോഷമുണ്ടെന്നും നതാലി വിൽക്കി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മെഡലുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കനേഡിയൻ ടീം.
