Saturday, March 7, 2026

കനത്ത മഴയിൽ വിറച്ച് കെനിയ; നയ്‌റോബിയിൽ 23 പേർ മരിച്ചു

നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്‌റോബിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 23 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണപ്പെട്ടവരിൽ പലരും മുങ്ങിമരിച്ചതാണെന്നും ചിലർക്ക് ഷോക്കേറ്റതാണെന്നും നയ്‌റോബി പൊലീസ് അറിയിച്ചു. നൂറിലധികം വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും റോഡുകൾ പുഴകളായി മാറുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

കനത്ത മഴയെത്തുടർന്ന് നയ്‌റോബിയിലെ വിമാന സർവീസുകൾ താറുമാറായി. പല വിമാനങ്ങളും തീരദേശ നഗരമായ മൊംബാസയിലേക്ക് വഴിതിരിച്ചുവിട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രാജ്യത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. റോഡുകളിൽ ഗതാഗതം അസാധ്യമായതോടെ റെഡ് ക്രോസ് സംഘവും സൈനിക യൂണിറ്റുകളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രളയ സാഹചര്യം കണക്കിലെടുത്ത് നഗരത്തിലെ എലവേറ്റഡ് ടോൾ റോഡിൽ യാത്രക്കാർക്ക് ഫീസ് ഒഴിവാക്കി നൽകി.

ഫെബ്രുവരി മുതൽ കെനിയയിൽ മഴ തുടരുകയാണ്. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളപ്പൊക്കം ഇത്ര രൂക്ഷമാകാൻ കാരണമെന്ന് നിവാസികൾ ആരോപിച്ചു. മഴക്കെടുതി മുൻ വർഷങ്ങളിലും കെനിയയിൽ നൂറുകണക്കിന് മരണങ്ങൾക്കും വൻതോതിലുള്ള കുടിയൊഴിപ്പിക്കലിനും കാരണമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മന്ത്രി ജെഫ്രി റുകു നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!