ലണ്ടൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തുന്ന നീക്കങ്ങളിൽ ബ്രിട്ടൻ നേരിട്ട് പങ്കാളികളായാൽ തിരിച്ചടിക്കുമെന്നാണ് ബ്രിട്ടനിലെ ഇറാൻ അംബാസഡർ സെയ്ദ് അലി മൂസവി വ്യക്തമാക്കിയത്. ബിബിസിയുടെ ‘സൺഡേ വിത്ത് ലോറ കുൻസ്ബെർഗ്പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടൻ നേരിട്ട് ആക്രമണങ്ങളിൽ പങ്കുചേർന്നാൽ അത് ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി തന്നെ കണക്കാക്കുമെന്നും, ആത്മരക്ഷാർത്ഥം തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും മൂസവി പറഞ്ഞു. ഇറാനെതിരെ ആക്രമണം നടത്താൻ ഏതൊക്കെ രാജ്യങ്ങളിലെ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നുവോ, അവയൊക്കെ തങ്ങളുടെ നിയമപരമായ ലക്ഷ്യങ്ങൾ ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ (RAF) താവളത്തിന് നേരെ ആക്രമണം ഉണ്ടായതായും ഇതിനിടെ റിപ്പോർട്ടുകളുണ്ട്.

ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അമേരിക്കയ്ക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ ഇതുവരെ നേരിട്ട് ആക്രമണങ്ങളിൽ പങ്കെടുത്തിട്ടില്ല. ഇത് സ്വാഗതാർഹമാണെന്നും 2003-ലെ ഇറാഖ് അധിനിവേശത്തിൽ നിന്ന് ബ്രിട്ടൻ പാഠം പഠിച്ചുവെന്നാണ് കരുതുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. ഇറാൻ പരമാധികാരി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ഉടലെടുത്ത അസ്ഥിരത വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് അംബാസഡറുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. സമാധാനത്തിനുള്ള വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഇസ്രായേലിനും അമേരിക്കയ്ക്കും എതിരായ പോരാട്ടം തുടരുമെന്ന് തന്നെയാണ് ഇറാന്റെ നിലപാട്.
