ടെഹ്റാന്: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസമാനമായ സാഹചര്യം മുതലെടുത്ത് ഇറാഖിലെ കുര്‍ദിഷ് വിമത ഗ്രൂപ്പുകള്‍ ഇറാന് അതിര്‍ത്തി കടന്ന് സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെതിരെ (IRGC) ശക്തമായ പോരാട്ടത്തിന് തങ്ങള്‍ ഒരുങ്ങുകയാണെന്ന് മുതിര്‍ന്ന കുര്‍ദിഷ് നേതാവ് അല്‍ ജസീറയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇറാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വലിയ രീതിയിലുള്ള സായുധ പോരാട്ടങ്ങള്‍ക്ക് ഈ നീക്കം വഴിവെച്ചേക്കുമെന്നാണ് സൂചന.
ഇറാന് ഭരണകൂടം നിലവില്‍ നേരിടുന്ന ആഭ്യന്തരവും അന്തര്‍ദേശീയവുമായ സമ്മര്‍ദങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് കുര്‍ദിഷ് വിഭാഗത്തിന്റെ വിലയിരുത്തല്‍. കേവലം വ്യോമാക്രമണങ്ങള്‍ കൊണ്ട് ഇറാന്റെ പ്രതിരോധം തകര്‍ക്കാന്‍ കഴിയില്ലെന്നും, തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലകളിലൂടെ നേരിട്ടുള്ള കരസേനാ നീക്കം ആവശ്യമാണെന്നും ഇവര്‍ വിശ്വസിക്കുന്നു. മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഈ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.

അതേസമയം, കുര്‍ദിഷ് ഗ്രൂപ്പുകളുടെ നീക്കത്തെ പ്രതിരോധിക്കാന്‍ ഇറാന് ശക്തമായ നടപടികള്‍ ആരംഭിച്ചു. ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലുള്ള വിമത താവളങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു. വിദേശ ശക്തികളുടെ പിന്തുണയോടെയാണ് കുര്‍ദിഷ് പോരാളികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന് ഭരണകൂടം മുന്നറിയിപ്പ് നല്കി. കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തി കടന്നാല്‍ അത് പശ്ചിമേഷ്യയുടെ സുരക്ഷാ ക്രമീകരണങ്ങളെയാകെ ബാധിക്കുന്ന വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കപ്പെടുന്നു.
