കെബെക്ക് സിറ്റി: മൺട്രിയോളിൽ ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികളുടെ വിവരങ്ങൾ മാതാപിതാക്കളിൽ നിന്ന് രഹസ്യമായി സൂക്ഷിക്കണമെന്ന സ്കൂൾ നയത്തിനെതിരെ കോടതിയെ സമീപിച്ച് അധ്യാപിക. തന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെബെക് സുപ്പീരിയർ കോടതിയിൽ ഹർജി നൽകിയത്. വിദ്യാർത്ഥിയുടെ സുരക്ഷ കണക്കിലെടുത്ത് അധ്യാപികയുടെ പേരുവിവരങ്ങൾ കോടതി വെളിപ്പെടുത്തിയിട്ടില്ല.
വിദ്യാർത്ഥിയുടെ ജെൻഡർ ഐഡന്റിറ്റി മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കാൻ അധികൃതർ നിർബന്ധിച്ചതായും, ഇതിന് തയ്യാറാകാത്ത പക്ഷം ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതായും അധ്യാപിക ആരോപിച്ചു. മാതാപിതാക്കളുടെ അനുമതിയില്ലാതെ തന്നെ കുട്ടികൾക്ക് പേരും സർവ്വനാമവും മാറ്റാൻ അനുവാദം നൽകുന്ന 2021-ലെ വിദ്യാഭ്യാസ നയത്തെയാണ് ഇവർ കോടതിയിൽ ചോദ്യം ചെയ്യുന്നത്.

വിദ്യാഭ്യാസ നയം തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് അധ്യാപിക വാദിക്കുമ്പോൾ, വിദ്യാർത്ഥികളുടെ സ്വകാര്യതയ്ക്കാണ് മുൻഗണനയെന്ന് സർക്കാർ വ്യക്തമാക്കി. കേസിൽ മൊഴി നൽകുന്ന സാക്ഷികളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന ഹർജിയിൽ കോടതിയുടെ പരിഗണനയിലാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ കോടതി വിധി പറയും.
