Saturday, March 7, 2026

‘ഇറാൻ മിഡിൽ ഈസ്റ്റിലെ തോൽവി’; കനത്ത പ്രഹരം നൽകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇസ്രയേലുമായും അമേരിക്കയുമായും നടക്കുന്ന യുദ്ധത്തിൽ ഇറാൻ പരാജയപ്പെട്ടുവെന്നും വൻ തിരിച്ചടികൾ നേരിടുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയൽരാജ്യങ്ങളോടുള്ള ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പരിഹാസം. ഇറാൻ ഇപ്പോൾ മിഡിൽ ഈസ്റ്റിലെ വെറുമൊരു ‘തോൽവി’ മാത്രമാണെന്നും, അവരുടെ ധിക്കാരപരമായ പെരുമാറ്റത്തിന് ഇന്ന് കടുത്ത പ്രഹരം ഏൽപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ആയുധശേഖരം ഗണ്യമായി കുറഞ്ഞതായും വ്യോമപ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകർത്തതായും അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടു.

അയൽരാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പ്രസിഡന്റ്, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇനി മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ നടത്തില്ലെന്ന് ഉറപ്പുനൽകി. എന്നാൽ തങ്ങൾക്കെതിരായ ആക്രമണങ്ങൾ ഈ രാജ്യങ്ങളിൽ നിന്ന് ഉത്ഭവിച്ചാൽ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ 83 ശതമാനവും കുറവുണ്ടായതായി യുഎസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ പൂർണ്ണമായ വ്യോമാധിപത്യം നേടിയതായാണ് ഇസ്രായേലിന്റെ വാദം.

അതിനിടെ, ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ദേന’ അമേരിക്ക തകർത്തതോടെ യുദ്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഇന്ത്യയിലെ സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പൽ ശ്രീലങ്കയ്ക്ക് സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ 87 പേർ കൊല്ലപ്പെടുകയും 60 പേരെ കാണാതാവുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു ടോർപിഡോ ആക്രമണം നടക്കുന്നതെന്ന് പെന്റഗൺ വ്യക്തമാക്കി. ഇതിന് പ്രതികാരമായി പേർഷ്യൻ ഗൾഫിൽ അമേരിക്കൻ ടാങ്കറിന് നേരെ ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!