Monday, March 9, 2026

യുദ്ധവിരാമമില്ല, പോരാട്ടം തുടരും; നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

ടെഹ്‌റാൻ: ഇറാനെതിരായ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ വെടിനിർത്തലിനുള്ള സാധ്യത തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടതുണ്ടെന്നാണ് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. യുഎസും ഇസ്രയേലും ഞങ്ങളുടെ പൗരന്മാരെ കൊല്ലുന്നു, ഞങ്ങളുടെ പെൺകുട്ടികളെ കൊല്ലുന്നു, ആശുപത്രികൾ ആക്രമിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷമുണ്ടായ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച വെടിനിർത്തൽ യുഎസും ഇസ്രയേലും ഇതിനോടകം തന്നെ ലംഘിച്ച് കഴിഞ്ഞു. ഇപ്പോൾ വീണ്ടും വെടി നിർത്തലിന് ആവശ്യപ്പെടുകയാണോ, ഇത് ഒരിക്കലും പ്രായോഗികമല്ലെന്നും അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. യുദ്ധം സ്ഥിരമായി അവസാനിക്കുകയാണ് വേണ്ടത്. അത് നടപ്പാകും വരെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോരാട്ടം തുടരണമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ പിന്തുണ ഇറാന് ലഭിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇറാനും റഷ്യയും തമ്മിലുള്ള സഹകരണം പുതിയ കാര്യമല്ലെന്നും അതൊരു രഹസ്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റഷ്യ പല രീതിയിൽ ഇറാനെ സഹായിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച പൂർണമായ വിവരം തനിക്കും ലഭ്യമല്ലെന്നാണ് അരാഗ്ച്ചി പറഞ്ഞത്. റഷ്യ ഇറാനുമായി വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്ന സൂചനകൾ യുഎൻ അംബാസഡർ മൈക്ക് വാൾട്ട്‌സാണ് പുറത്തുവിട്ടത്.

അയൽ രാജ്യങ്ങളെ ഇറാൻ ബോധപൂർവ്വം ആക്രമിച്ചിട്ടില്ല. അമേരിക്കൻ താവളങ്ങളെയും സ്ഥാപനങ്ങളെയുമാണ് ആക്രമിക്കുന്നത്. നിർഭാഗ്യവശാൽ അത് നമ്മുടെ അയൽക്കാരുടെ മണ്ണിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് അരാഗ്ച്ചി പറയുന്നത്. അമേരിക്കയുടെ ആക്രമണവും നമ്മുടെ തിരിച്ചടിയും മൂലം അവർ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളിൽ പ്രസിഡന്റ് പെസെഷ്‌കിയാൻ ആ മേഖലയിലെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അരാഗ്ച്ചി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!