ഫ്രെഡറിക്ടൺ: ഏറ്റവും പുതിയ ഇമിഗ്രേഷൻ ഡ്രോകളിലൂടെ 600-ലധികം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ ക്ഷണം നൽകി ന്യൂബ്രൺസ്വിക്ക് പ്രവിശ്യ. 2026 മാർച്ച് 3 മുതൽ മാർച്ച് 6 വരെ നടന്ന വിവിധ തിരഞ്ഞെടുപ്പുകളിലായി ആകെ 622 ഇൻവിറ്റേഷനാണ് പ്രവിശ്യ അയച്ചത്. ന്യൂ ബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP), അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നീ പദ്ധതികൾ വഴിയാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. 2026 മാർച്ച് 2-ന് മുൻപ് എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് (EOI) സമർപ്പിച്ച ഉദ്യോഗാർത്ഥികളെയാണ് ഈ റൗണ്ടിൽ പരിഗണിച്ചത്. ഏറ്റവും കൂടുതൽ ആളുകളെ തിരഞ്ഞെടുത്തത് സ്കിൽഡ് വർക്കർ സ്ട്രീമിലാണ്. ആകെ ക്ഷണിക്കപ്പെട്ടവരിൽ 45 ശതമാനത്തോളം പേർ ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്. പ്രധാനമായും ആരോഗ്യമേഖല, വിദ്യാഭ്യാസം, നിർമ്മാണ മേഖല, സോഷ്യൽ സർവീസ് എന്നീ രംഗങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കാണ് ഈ സ്ട്രീം. ഇതിനുപുറമെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായി മാറ്റിവെച്ചിരിക്കുന്ന സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സ്ട്രീം വഴി 189 പേരെയും തിരഞ്ഞെടുത്തു. ഈ വിഭാഗത്തിൽ എല്ലാ തൊഴിൽ മേഖലയിലുള്ളവർക്കും അവസരം നൽകി.

അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി 125 പേർക്ക് ക്ഷണം ലഭിച്ചു. നിർമ്മാണം, ഗതാഗതം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഈ പ്രോഗ്രാം വലിയ സഹായമായി. അതേസമയം എക്സ്പ്രസ് എൻട്രി സ്ട്രീം വഴി 29 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. ഈ വഴി നോമിനേഷൻ ലഭിക്കുന്നവർക്ക് കാനഡയുടെ ഫെഡറൽ എക്സ്പ്രസ് എൻട്രി സിസ്റ്റത്തിൽ 600 അധിക പോയിന്റുകൾ ലഭിക്കും, ഇത് സ്ഥിരതാമസത്തിനുള്ള (PR) സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ന്യൂബ്രൺസ്വിക്കിൽ നിലവിൽ ജോലി ചെയ്യുന്നവർക്കും അവിടെ പഠനം പൂർത്തിയാക്കിയവർക്കും ഈ ഡ്രോകളിൽ പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്.
