Monday, March 9, 2026

സൗദിയിലെ അൽ ഖർജ് മിസൈൽ ആക്രമണം; ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടില്ലെന്ന് എംബസി

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് നഗരത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ എംബസി ഔദ്യോഗികമായി നിഷേധിച്ചു. എന്നാൽ, സംഭവത്തിൽ പരുക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

ഞായറാഴ്ച വൈകുന്നേരം ഒരു ക്ലീനിങ് ആൻഡ് മെയിന്റനൻസ് കമ്പനിയുടെ താമസസ്ഥലത്താണ് മിസൈൽ പതിച്ചത്. ഈ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടതായാണ് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, വിശദമായ പരിശോധനയ്ക്ക് ശേഷം ഇന്ത്യക്കാർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് എംബസി എക്സിലൂടെ (X) സ്ഥിരീകരിച്ചു. പരുക്കേറ്റ ഇന്ത്യൻ പൗരനെ എംബസി കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം, ജനവാസ കേന്ദ്രത്തിലുണ്ടായ ഈ ആക്രമണത്തിൽ രണ്ട് വിദേശികൾ കൊല്ലപ്പെടുകയും 12 ബംഗ്ലാദേശ് പൗരന്മാർക്ക് പരുക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. മിസൈൽ വീണ താമസസ്ഥലത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!