Tuesday, March 10, 2026

ഡാനിയേൽ സ്മിത്തും രക്ഷപ്പെട്ടു: റീകോൾ ഹർജി പരാജയം

എഡ്മിന്‍റൻ : ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെ നിയമസഭയിൽ നിന്ന് പുറത്താക്കാനുള്ള റീ കോൾ ഹർജി പരാജയപ്പെട്ടു. ആൽബർട്ടയുടെ ചരിത്രത്തിൽ റീ കോൾ ഹർജി നേരിടുന്ന രണ്ടാമത്തെ പ്രീമിയറാണ് സ്മിത്ത്. ആദ്യത്തേത് ഏകദേശം 90 വർഷങ്ങൾക്ക് മുമ്പാണ് സംഭവിച്ചത്. സ്മിത്തിനെതിരായ റീ കോൾ ഹർജി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഏകദേശം 12,000 ഒപ്പുകളിൽ 2,300 എണ്ണം മാത്രമേ ശേഖരിക്കാൻ സാധിച്ചുള്ളൂ.

കഴിഞ്ഞ വർഷം അവസാനം മുതൽ പ്രീമിയർ ഡാനിയേൽ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് കോക്കസിലെ ഇരുപതിലധികം എംഎൽഎ-മാർക്കെതിരെയും രണ്ട് പ്രതിപക്ഷ അംഗങ്ങൾക്കെതിരെയും റീകോൾ പെറ്റീഷനുകൾ ആരംഭിച്ചു. അതേസമയം വോട്ടർമാരുടെ നിസ്സംഗതയും സർക്കാർ നടപടികളോടുള്ള ഭയവും ഒപ്പുകൾ ശേഖരിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമപ്രകാരം 60% വോട്ടർമാരുടെ പിന്തുണ ആവശ്യമാണെന്നത് പ്രായോഗികമല്ലെന്നും ഇത് കുറയ്ക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ രാഷ്ട്രീയ വിയോജിപ്പുകൾ പരിഹരിക്കാനുള്ള എളുപ്പവഴിയല്ല ഇതെന്നും, വിശ്വാസവഞ്ചനയ്ക്കും ധാർമ്മിക ലംഘനങ്ങൾക്കും മാത്രമേ ഇത്തരം നടപടികൾ സ്വീകരിക്കാവൂ എന്നുമാണ് സർക്കാർ വക്താക്കളുടെ നിലപാട്.

റീകോൾ പെറ്റീഷനുകൾ വിജയിക്കണമെങ്കിൽ, ഹർജിക്കാർക്ക് അടുത്ത 90 ദിവസത്തിനുള്ളിൽ അതത് റൈഡിങ്ങുകളിലെ അവസാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ വോട്ടർമാരുടെ ഒപ്പുകൾ ശേഖരിക്കണം. ഒപ്പുകൾ ശേഖരിച്ച് കഴിഞ്ഞാൽ, എംഎൽഎയെ സ്ഥാനത്ത് നിലനിർത്തണോ എന്ന് തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പിൽ എംഎൽഎ തോറ്റാൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!