ഓട്ടവ: കാനഡയിലെ കോസ്റ്റ്‌കോ ഫുഡ് കോർട്ടുകളിൽ പുതിയ ഡെസേർട്ട് വിഭവം അവതരിപ്പിച്ചു. ‘കാരമൽ ബ്രൗണി സൺഡേ’ (Caramel Brownie Sundae) മെനുവിൽ ഉൾപ്പെടുത്തിയ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ കോസ്റ്റ്‌കോ മെനുവിലുള്ള വനില, ചോക്ലേറ്റ് ഐസ്ക്രീം കോണുകൾക്കും ഫഡ്ജ്, കാരമൽ, ബെറി സൺഡേകൾക്കും ഒപ്പമാണ് പുതിയ വിഭവവും ലഭ്യമാകുക. ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണിതെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ സൺഡേയുടെ വിലവിവരങ്ങൾ കോസ്റ്റ്‌കോ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, നിലവിൽ ഫുഡ് കോർട്ട് മെനുവിലുള്ള സൺഡേകൾക്ക് നികുതി കൂടാതെ 3.49 ഡോളറാണ് ഈടാക്കുന്നത്. പുതിയ വിഭവം അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിഭവത്തിന്റെ അവ്യക്തമായ ചിത്രം പങ്കുവെച്ചുകൊണ്ട് അത് ഏതാണെന്ന് കണ്ടെത്താൻ കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പുതിയ വിഭവത്തിന്റെ പ്രഖ്യാപനത്തിൽ ചില ഉപഭോക്താക്കൾ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഐസ്ക്രീമിന് പകരം ‘ചിക്കൻ ബേക്ക്’ (Chicken Bake) തിരികെ കൊണ്ടുവരണമെന്നാണ് ഭൂരിഭാഗം പേരുടെയും ആവശ്യം. ശീതകാലത്ത് ഐസ്ക്രീം വിഭവങ്ങൾ അവതരിപ്പിക്കുന്നതിന് പകരം കോഫി, ടർക്കി പ്രോവലോൺ തുടങ്ങിയ വിഭവങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ചിലർ കമന്റുകളിലൂടെ പ്രതികരിച്ചു. അതേസമയം, പുതിയ സൺഡേ രുചികരമായിരിക്കുമെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
നിലവിൽ ഹോട്ട് ഡോഗ്, ഫൗണ്ടൻ പോപ്പ് ഡീൽ, പുട്ടിൻ, ചിക്കൻ സ്ട്രിപ്‌സ്, ഫ്രൈസ്, പിസ്സ തുടങ്ങിയ വിഭവങ്ങളാണ് കോസ്റ്റ്‌കോ കാനഡയുടെ മെനുവിൽ പ്രചാരത്തിലുള്ളത്. സൺഡേയുടെ പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു പ്രത്യേക സർപ്രൈസ് കൂടി വരാനിരിക്കുന്നതായി കമ്പനി സൂചന നൽകിയിട്ടുണ്ട്. തങ്ങളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനായി പ്രത്യേക കൂപ്പണുകൾ ഉടൻ ലഭ്യമാക്കുമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
