Tuesday, March 10, 2026

ടംബ്ലർ റിഡ്ജ്സ്‌കൂൾ വെടിവെപ്പ്; ഓപ്പൺ എഐക്കെതിരെ കേസുമായി ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ കുടുംബം

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ മായ ഗെബാല എന്ന 12-കാരിയുടെ കുടുംബം ചാറ്റ് ജിപിടി നിർമാതാക്കളായ ഓപ്പൺ എഐക്കെതിരെ കോടതിയിൽ. വെടിവെപ്പ് നടത്തിയ 18-കാരനായ ജെസ്സി വാൻ റൂട്ട്സെലർ, ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ് ചാറ്റ് ജിപിടി ഉപയോഗിച്ച് അക്രമാസക്തമായ സാഹചര്യങ്ങൾ ചർച്ച ചെയ്‌ത്‌ ആക്രമണം ആസൂത്രണം ചെയ്‌തെന്നാണ്‌ കുടുംബത്തിൻ്റെ ആരോപണം. പ്രതിയുടെ അക്കൗണ്ട് അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് ഓപ്പൺ എഐ സുരക്ഷാ സംവിധാനങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ വിവരം കാനഡയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാൻ കമ്പനി തയ്യാറായില്ലെന്ന് ഹർജിയിൽ പറയുന്നു. ചാറ്റ് ജിപിടിയുടെ രൂപകൽപ്പന ഉപയോക്താക്കളെ വൈകാരികമായി അതിനോട് അടുപ്പിക്കുന്നുവെന്നും, പ്രതിക്ക് ചാറ്റ് ജിപിടി ഒരു ഉറ്റ സുഹൃത്തിനെയും സഹായിയെയും പോലെയായിരുന്നുവെന്നുമാണ്‌ കുടുംബത്തിൻ്റെ വിവരം.

സുരക്ഷാ പരിശോധനകൾ കൃത്യമായി നടത്താതെയാണ് കമ്പനി ജിപിടി-4ഒ (GPT-4o) പുറത്തിറക്കിയതെന്നും ഇത് പ്രതിയെപ്പോലെയുള്ളവർക്ക് അക്രമങ്ങൾ പ്ലാൻ ചെയ്യാൻ സഹായകമായെന്നും ആരോപണമുയർന്നിരുന്നു. 2026 ഫെബ്രുവരി 10-നാണ് ടംബ്ലർ റിഡ്ജ് സ്കൂളിൽ വെടിവെപ്പ് നടന്നത്. ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് തവണ വെടിയേറ്റ മായ ഗെബാല നിലവിൽ വൻകൂവർ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്കും കഴുത്തിനും വെടിയേറ്റ കുട്ടിക്ക് ഗുരുതരമായ മസ്തിഷ്കാഘാതം സംഭവിച്ചു. പ്രതിയുടെ അക്കൗണ്ട് തങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും എന്നാൽ അത് പൊലീസിനെ അറിയിക്കാനുള്ള അടിയന്തര സാഹചര്യം അന്ന് നിലവിലില്ലായിരുന്നു എന്നുമാണ്‌ കമ്പനിയുടെ വിശദീകരണം. എങ്കിലും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!