വൻകൂവർ:തെക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. മെട്രോ വൻകൂവറിന് പുറമെ വൻകൂവർ ഐലൻഡ്, സൺഷൈൻ കോസ്റ്റ്, ഹോവ് സൗണ്ട്, ഫ്രേസർ വാലി എന്നിവിടങ്ങളിലാണ് പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സമുദ്രനിരപ്പിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിൽ നാല് സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും നോർത്ത് വൻകൂവർ ഐലൻഡിന്റെ ഉൾപ്രദേശങ്ങളിൽ ഇത് 10 സെന്റിമീറ്റർ വരെയാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. സ്ക്വാമിഷ് മുതൽ വിസ്‌ലർ വരെയുള്ള സീ ടു സ്കൈ ഹൈവേയിൽ ചൊവ്വാഴ്ച അവസാനത്തോടെ 15 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത തടസ്സം നേരിട്ട കോക്വിഹല്ല ഹൈവേയിൽ 30 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.
ശക്തമായ തണുത്ത കാറ്റും അന്തരീക്ഷത്തിലെ അസ്ഥിരാവസ്ഥയുമാണ് പെട്ടെന്നുള്ള ഈ മഞ്ഞുവീഴ്ചയ്ക്ക് കാരണം. റോഡുകളിൽ കാഴ്ചപരിധി കുറയാനും ഗതാഗതം ദുഷ്കരമാകാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വാഹനങ്ങൾ ശൈത്യകാല യാത്രയ്ക്ക് സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും എൻവയൺമെന്റ് കാനഡ നിർദ്ദേശിച്ചു.
