ടൊറൻ്റോ : നഗരത്തിൽ അതിവേഗം പടരുന്ന എംപോക്സ് വകഭേദത്തിന്റെ രണ്ടു കേസുകൾ സ്ഥിരീകരിച്ചതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് (ടിപിഎച്ച്) റിപ്പോർട്ട് ചെയ്തു. ടൊറൻ്റോയിലും ഒൻ്റാരിയോയിലും തിരിച്ചറിഞ്ഞ എംപോക്സ് ക്ലേഡ് ഐബി വകഭേദത്തിന്റെ ആദ്യ കേസുകളാണിത്. വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ കേസ്. 2022 മുതൽ, ടൊറൻ്റോയിൽ എംപോക്സ് വൈറസിന്റെ ക്ലേഡ് ഐഎ വകഭേദം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ അഭിപ്രായത്തിൽ, ക്ലേഡ് ഐഎയെക്കാൾ ഈ പുതിയ വകഭേദം പേടിക്കേണ്ടതില്ലെന്നും ടിപിഎച്ച് പറയുന്നു.

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെയാണ് എംപോക്സ് പകരുക. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

എംപോക്സ് പകരുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം വാക്സിനേഷനാണെന്ന് ടിപിഎച്ച് പറയുന്നു. ഇംവാമ്യൂൺ വാക്സിൻ ടിപിഎച്ച് ക്ലിനിക്കുകളിലൂടെയും കമ്മ്യൂണിറ്റി സെന്റർ വഴിയും ലഭിക്കും. വാക്സിനേഷൻ സൗജന്യവും ഒഎച്ച്ഐപി കാർഡ് ഇല്ലാതെയും ലഭ്യമാണ്.
