വാഷിങ്ടൺ : കാനഡയേയും കനേഡിയൻ പ്രധാനമന്ത്രിയേയും വീണ്ടും കളിയാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പ്രധാനമന്ത്രി മാർക്ക് കാർണിയെ “കാനഡയുടെ ഭാവി ഗവർണർ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് കാർണിയെ “ഗവർണർ” എന്ന് വിളിക്കുന്നത് ഇതാദ്യമല്ല. ജനുവരിയിൽ, കാനഡ ചൈനയുമായി കരാർ ഉണ്ടാകുന്നതിന് പരാമർശിച്ച് ട്രംപ് കാർണിയെ ഗവർണർ എന്ന് വിശേഷിപ്പിച്ചിരുന്നു. അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സിലെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായ ഏഷ്യൻ കാർപ്പ് മത്സ്യങ്ങളെ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ യുഎസ് ഗവർണ്ണർമാരുമായി നടത്തിയ ചർച്ചയെക്കുറിച്ച് പരാമർശിക്കവെയാണ് ട്രംപ് മാർക്ക് കാർണിയെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. തടാകങ്ങളെ സംരക്ഷിക്കാൻ യുഎസ് ഗവർണർമാർക്കൊപ്പം കാനഡയുടെ ‘ഭാവി ഗവർണർ’ മാർക്ക് കാർണിയും സഹകരിക്കുമെന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

അതേസമയം ട്രംപിന്റെ തുടർച്ചയായ പരിഹാസങ്ങളോട് പക്വമായാണ് കാർണി പ്രതികരിച്ചത്. ഇത്തരം ഓരോ ട്വീറ്റുകൾക്കോ ‘ട്രൂത്ത്’ പോസ്റ്റുകൾക്കോ മറുപടി നൽകാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ആര് എന്ത് പറയുന്നു എന്നത് എന്നെ ബാധിക്കുന്നില്ല, ഇത്തരം പരാമർശങ്ങളെ കൈകാര്യം ചെയ്യാൻ എനിക്കറിയാമെന്ന് കാർണി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഇത്തരം പ്രസ്താവനകൾ അസ്വാരസ്യങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്ക നിലനിൽക്കെയാണ് കാർണിയുടെ ഈ പ്രതികരണം.
