വാഷിങ്ടണ്‍: ഹോര്‍മൂസ് കടലിടുക്കിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ ഇറാന്റെ 16 യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കടലിനടിയില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച കപ്പലുകളെയാണ് യുഎസ് സൈന്യം ആക്രമിച്ച് നശിപ്പിച്ചത്. മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ അടിയന്തരമായി നീക്കം ചെയ്തില്ലെങ്കില്‍ ഇറാന് മേല്‍ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വിനാശകരമായ ആക്രമണം ഇന്നുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സൈനിക നടപടി. പന്ത്രണ്ടാം ദിവസവും പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാന് തലസ്ഥാനമായ ടെഹ്റാന് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും വന്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും കാര്യമായി ബാധിച്ചു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതോടെ അമേരിക്കയില്‍ ഒരു ഗാലണ്‍ പെട്രോളിന്റെ വില 3.48 ഡോളറിലെത്തി. ഒരാഴ്ചയ്ക്കിടെ 16 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ധനവില വര്‍ധനവ് ഗതാഗതച്ചെലവ് കൂട്ടുന്നതോടെ രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്കും മറ്റ് അവശ്യസാധനങ്ങള്‍ക്കും വില ഉയരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
