Wednesday, March 11, 2026

പശ്ചിമേഷ്യൻ സംഘർഷം: കാനഡ ഒരിക്കലും ഭാഗമാകില്ലെന്ന് കാർണി പാർലമെന്റിൽ

ഓട്ടവ: ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങളിൽ കാനഡയ്ക്ക് പങ്കില്ലെന്നും ഭാവിയിൽ അത്തരമൊരു യുദ്ധത്തിൽ ഭാഗമാകില്ലെന്നും പ്രധാനമന്ത്രി മാർക്ക് കാർണി ഹൗസ് ഓഫ് കോമൺസിൽ വ്യക്തമാക്കി. ഇറാൻ സംഘർഷത്തിൽ കാനഡയുടെ നിലപാട് പാർലമെന്റിൽ വിശദീകരിക്കാത്തതിനെച്ചൊല്ലി പ്രതിപക്ഷത്തിൽ നിന്ന് ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തന്റെ മുൻ നിശ്ചയിച്ച പരിപാടികൾ മാറ്റിവെച്ച് ചൊവ്വാഴ്ച അദ്ദേഹം ചോദ്യോത്തര വേളയിൽ പങ്കെടുത്തത്. ഇറാന്റെ ആണവ പദ്ധതികളെയും ഭീകരവാദ പ്രവർത്തനങ്ങളെയും തടയേണ്ടത് അത്യാവശ്യമാണെന്ന് മറുപടി നൽകിയ പ്രധാനമന്ത്രി, എന്നാൽ നിലവിലെ സൈനിക നീക്കങ്ങളിൽ കാനഡയ്ക്ക് പങ്കില്ലെന്നും അത് തുടരുമെന്നും ആവർത്തിച്ചു.

ഇറാൻ വിഷയത്തിൽ ലോകനേതാക്കളുമായി താൻ ചർച്ച നടത്തുന്നുണ്ടെന്നും മേഖലയിലെ സംഘർഷം ലഘൂകരിക്കാനാണ് കാനഡ ശ്രമിക്കുന്നതെന്നും കാർണി സഭയെ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി എന്നിവരുമായി നടത്തിയ ചർച്ചകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. യുദ്ധം മൂലം വർധിച്ചുവരുന്ന ഇന്ധനവിലയെക്കുറിച്ചും മക്രോണുമായുള്ള ചർച്ചയിൽ പ്രധാന വിഷയമായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, സർക്കാർ തന്നെ മുൻകൈയെടുത്ത് തുടങ്ങിയ ചർച്ചയിൽ തിങ്കളാഴ്ച പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. റമദാൻ നോമ്പ് തുറക്കുന്ന ഇഫ്താർ ചടങ്ങിൽ പങ്കെടുക്കാൻ പോയതിനാലാണ് പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കാർണിക്ക് പാർലമെന്ററി നടപടികളോട് താൽപ്പര്യമില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും ബ്ലോക്ക് കെബെക്ക്വ, എൻഡിപി നേതാക്കൾ കുറ്റപ്പെടുത്തി. ഇറാൻ വിഷയത്തിൽ കാർണി നേരത്തെ സ്വീകരിച്ച പരസ്പരവിരുദ്ധമായ നിലപാടുകളും സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാഗ്വാദങ്ങൾക്ക് വഴിവെച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!