വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഗുജറാത്ത് സ്വദേശി ഭദ്രേഷ്കുമാർ ചേതൻഭായ് പട്ടേലിനായി (35) തിരച്ചിൽ ഊർജിതമാക്കി എഫ്.ബി.ഐ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പത്ത് കുറ്റവാളികളുടെ പട്ടികയിലാണ് ഇയാളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് നൽകുന്ന തുക 2.5 ലക്ഷം ഡോളറിൽ നിന്നും 10 ലക്ഷം ഡോളറായിഎഫ്.ബി.ഐ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ വിരാംഗം സ്വദേശിയായ ഭദ്രേഷ് പട്ടേൽ, 2015 ഏപ്രിൽ 12-നാണ് തന്റെ ഭാര്യ പാലക് പട്ടേലിനെ കൊല പ്പെടുത്തിയത്. മേരിലാൻഡിലെ ഹാനോവറിൽ ഇരുവരും ജോലി ചെയ്തിരുന്ന ഡോണട്ട് ഷോപ്പിൽ വെച്ചായിരുന്നു സംഭവം. രാത്രി ഷിഫ്റ്റിനിടെ ഷോപ്പിന്റെ പിൻമുറിയിൽ വെച്ച് ഭദ്രേഷ് പാലക്കിനെ മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടു ത്തുകയായിരുന്നു. അന്ന് 26 വയസ്സായിരുന്നു പാലക്കിന്റെ പ്രായം. കൊലപാതകത്തിന് ശേഷം വീട്ടിലെത്തി പണവും പാസ്പോർട്ടും എടുത്ത പ്രതി ടാക്സിയിൽ ന്യൂജേഴ്സിയിലേക്ക് കടന്നു. ന്യൂജേഴ്സിയിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് ഇയാളെ അവസാനമായി കണ്ടത്.

അമേരിക്കയിലെ ഇവരുടെ വിസ കാലാവധി തീരാറായ സമയത്തായിരുന്നു കൊലപാതകം. വിസ പുതുക്കാൻ കഴിയാത്തതിനാൽ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് പാലക് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് വരാൻ താത്പര്യമില്ലാതിരുന്ന ഭദ്രേഷും ഭാര്യയും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഭദ്രേഷ് പട്ടേൽ നിലവിൽ കാനഡയിലോ അല്ലെങ്കിൽ അവിടെ നിന്ന് ഇന്ത്യയിലേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് എഫ്.ബി.ഐ കരുതുന്നത്. അതീവ ബുദ്ധിശാലിയായ കുറ്റവാളിയാണ് ഭദ്രേഷെന്നും ഒളിവിൽ കഴിയാൻ ഇയാൾ ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി അമേരിക്കൻ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
