വിനിപെഗ്: ഇറാനിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തെ തുടർന്ന് ഇറാനിൽ നിന്ന് പലായനം ചെയ്യുന്ന ആരെയും പ്രവിശ്യ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുകയും ജനജീവിതം അപകടത്തിലാക്കുകയും ചെയ്യുന്ന ഈ സൈനിക നീക്കം ട്രംപ് ഉടൻ നിർത്തണമെന്നും ഇറാനിയൻ സമൂഹത്തിനൊപ്പം മാനിറ്റോബ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി ഫെഡറൽ സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്നും സഹായം ആവശ്യമുള്ള ഘട്ടത്തിൽ മാനിറ്റോബ എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,270-ലധികം ആളുകൾ ഇതിനകം കൊല്ലപ്പെട്ട ഈ യുദ്ധം വലിയൊരു മാനുഷിക ദുരന്തമാണ് സൃഷ്ടിക്കുന്നതെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. ഇന്ധനവില വർധനവിനപ്പുറം യുദ്ധമേഖലയിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് നാം ആശങ്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ഇത്തരം രാഷ്ട്രീയ സമീപനങ്ങളിൽ മാനിറ്റോബയിലെയും കാനഡയിലെയും ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ഈ അനാവശ്യ സംഘർഷം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
