ഓട്ടവ : ന്യൂനമർദ്ദത്തെ തുടർന്ന് കിഴക്കൻ ഒൻ്റാരിയോയിലും തെക്കൻ കെബെക്കിലെ ചില ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ഫ്രീസിങ് റെയിനും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 10 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഓട്ടവ, ഗാറ്റിനോ, മൺട്രിയോൾ, കെബെക്ക് സിറ്റി എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. അതേസമയം, സാഗുനെ-ലാക്-സെൻ്റ്-ജീൻ മേഖലയിൽ, ശക്തമായ കാറ്റ്, മഞ്ഞുവീഴ്ച, ആലിപ്പഴം വീഴ്ച എന്നിവയുൾപ്പെടെയുള്ള ശൈത്യകാല കൊടുങ്കാറ്റ് അവസ്ഥകൾ പ്രതീക്ഷിക്കുന്നു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച വൈകുന്നേരം വരെ ഏകദേശം 30 മുതൽ 40 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

അതേസമയം നിലവിലെ അവസ്ഥയിൽ 10 മില്ലിമീറ്ററിൽ പോലും, മഞ്ഞുവീഴ്ച പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അങ്ങനെ സംഭവിച്ചാൽ, അടിസ്ഥാന സൗകര്യങ്ങളിൽ വൈദ്യുതി മുടക്കം അടക്കമുള്ള തടസ്സം ഉണ്ടാകുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. മഞ്ഞു അടിഞ്ഞു കൂടുന്നതോടെ യാത്ര ദുഷ്കരമാകും.

തെക്കൻ ഒൻ്റാരിയോയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏകദേശം 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പ്രവചിക്കപ്പെടുന്നു. കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും എൻവയൺമെൻ്റ് കാനഡ അറിയിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും അണ്ടർപാസുകളിലും വെള്ളക്കെട്ടുകൾ ഉണ്ടാകാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു. നദികളിലും തടാകങ്ങളിലും അതിവേഗം ജലനിരപ്പ് ഉയരുമെന്നതിനാൽ ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്ന് ടൊറൻ്റോ റീജനൽ കൺസർവേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.
