ടൊറൻ്റോ : ടൊറൻ്റോയിലെയും ജിടിഎയിലെയും ഡ്രൈവർമാർക്ക് സന്തോഷിക്കാം. ഇന്ന് അർദ്ധരാത്രിയിൽ പെട്രോൾ വില ലിറ്ററിന് ആറ് സെൻ്റ് കുറയുമെന്ന് എൻ-പ്രോയിലെ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്നൈറ്റ് പറയുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷവും എണ്ണ വിപണികളിലെ ചാഞ്ചാട്ടവും മൂലമുണ്ടായ പ്രക്ഷുബ്ധമായ വില വർധനയ്ക്ക് ശേഷം ഈ ഇടിവ് പലർക്കും സ്വാഗതാർഹമായ മാറ്റമാണിത്. മാർച്ച് തുടക്കത്തിൽ ജിടിഎ-യിൽ പെട്രോൾ വില പലതവണ ഉയർന്നതിന് ശേഷമാണ് ഈ ഇടിവ് ഉണ്ടാകുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, യുഎസ്-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ധനവിലയിലെ സ്ഥിരമായ വർധന ഡ്രൈവർമാരെ ബാധിച്ചിട്ടുണ്ട്. ടൊറൻ്റോയിലും ജിടിഎയിലും മാർച്ച് 1 ന് മിക്ക പമ്പുകളിലും ലിറ്ററിന് 135.9 സെൻ്റായി പെട്രോൾ വില വർധന ആരംഭിച്ചു. തുടർന്ന് മാർച്ച് 6 ന് ആറ് സെന്റും മാർച്ച് 7 ന് ആറ് സെന്റും മാർച്ച് 8 ന് രണ്ട് സെന്റും വർധന രേഖപ്പെടുത്തി. അതേസമയം ഡ്രൈവർമാർക്ക് ആശ്വാസമായ പെട്രോൾ വില ഇടിവ് അനിശ്ചിതത്വത്തിലാണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം എണ്ണവില വീണ്ടും ഉയരാൻ ഇടയാക്കും.
