ന്യൂഡല്‍ഹി: രാജ്യത്ത് എല്‍.പി.ജി പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്കി. ഇന്ധനക്ഷാമമുണ്ടെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 30 ശതമാനം ഇന്ധന പ്രതിസന്ധി മാത്രമാണുള്ളതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.
എന്നാല്‍, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പൂര്‍ണ്ണമായും നിലച്ച മട്ടാണ്. ഹോട്ടലുകളെ കൂടാതെ ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെയും പ്രതിസന്ധി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയേക്കും. മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് തുക റീഫണ്ട് ചെയ്യുന്ന കാര്യം റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

അതിനിടെ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് എല്‍.ഡി.എഫ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് ലഭിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കും.
