കീവ്: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രതിരോധ വിദഗ്ധരെ അയച്ച് യുക്രെയ്ൻ. യു.എസ് താവളങ്ങൾ സംരക്ഷിക്കുന്നതിനായി ജോർദാനിലേക്കും യുക്രെയ്ൻ സംഘത്തെ അയച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തെ നാല് വർഷത്തിലേറെയായി നേരിടുന്ന യുക്രെയ്‌നിന് ഡ്രോൺ പ്രതിരോധത്തിൽ ലോകത്തെ ഏറ്റവും മികച്ച പരിചയസമ്പത്തുണ്ടെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി അവകാശപ്പെട്ടു. ഇറാൻ നിർമ്മിത ഷാഹെദ് ഡ്രോണുകളെ തകർക്കാൻ ഗൾഫ് രാജ്യങ്ങൾ നിലവിൽ ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന മിസൈലുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, യുക്രെയ്ൻ വികസിപ്പിച്ചെടുത്ത കുറഞ്ഞ ചെലവിലുള്ള ‘ഇന്റർസെപ്റ്റർ ഡ്രോണുകൾ’ ഇതിന് കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സാങ്കേതികവിദ്യയാണ് യുക്രെയ്ൻ ഇപ്പോൾ ഗൾഫിന് വാഗ്ദാനം ചെയ്യുന്നത്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് സെലെൻസ്‌കി വ്യക്തമാക്കി. ഡ്രോൺ സാങ്കേതികവിദ്യ നൽകുന്നതിന് പകരമായി യുക്രെയ്‌നിന് അത്യാവശ്യമായ ‘പാട്രിയറ്റ്’ എയർ ഡിഫൻസ് സിസ്റ്റങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

യുക്രെയ്‌നിന് നൽകിവന്നിരുന്ന നേരിട്ടുള്ള സഹായം ട്രംപ് വെട്ടിക്കുറച്ചിരുന്നു. എന്നാൽ, ഏത് രാജ്യത്ത് നിന്നുള്ള സഹായവും സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചതോടെയാണ് യുക്രെയ്‌നിന്റെ ഈ നീക്കം ശ്രദ്ധേയമായത്. യുക്രെയ്ൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി റസ്തം ഉമെറോവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഉടൻ തന്നെ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തി കരാറുകളിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം സ്വന്തം രാജ്യത്ത് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ഡ്രോണുകളും വിദഗ്ധരെയും വിദേശത്തേക്ക് അയക്കുന്നത് യുക്രെയ്‌നിനുള്ളിൽ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിലൂടെ റഷ്യയുമായുള്ള സമാധാന ചർച്ചകളിൽ കൂടുതൽ മുൻതൂക്കം ലഭിക്കുമെന്നാണ് സെലെൻസ്‌കിയുടെ കണക്കുകൂട്ടൽ.
