ടൊറൻ്റോ : ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ജിടിഎയിൽ പെട്രോൾ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് എൻ-പ്രോ ചീഫ് പെട്രോളിയം അനലിസ്റ്റ് റോജർ മക്നൈറ്റ് അറിയിച്ചു. വെള്ളിയാഴ്ച പെട്രോൾ വില അഞ്ച് സെൻ്റ് ഉയരുമെന്നും പ്രാദേശിക പമ്പുകളിൽ പെട്രോൾ വില ലിറ്ററിന് 155.9 സെൻ്റാകുമെന്നും പ്രതീക്ഷിക്കുന്നു. വാഹനഉടമകൾക്ക് താൽക്കാലിക ആശ്വാസമായി വ്യാഴാഴ്ച പെട്രോൾ വില ലിറ്ററിന് ആറ് സെൻ്റ് ഇടിഞ്ഞ് 150.9 സെൻ്റായി കുറഞ്ഞിരുന്നു.

ഇറാനിലെ യുദ്ധം രൂക്ഷമാകുകയും മറ്റ് ആഗോള സംഘർഷങ്ങൾ വിതരണത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ എണ്ണയുടെയും ഗ്യാസോലിൻ വിലയും വര്‍ധിച്ചുവരികയാണ്. രാജ്യാന്തര നിലവാരമായ ബ്രെൻ്റ് ക്രൂഡ് ഓയിലിന്റെ ബാരൽ വില വ്യാഴാഴ്ച വീണ്ടും 100 ഡോളറിലെത്തി. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് വിതരണ തടസ്സം നേരിട്ടതോടെ എണ്ണവില രാവിലെ ഒമ്പത് ശതമാനത്തിലധികം ഉയർന്നു. പിന്നീട് ബ്രെൻ്റ് അഞ്ച് ശതമാനം ഉയർന്ന് ബാരലിന് 97 ഡോളറും യുഎസ് ബെഞ്ച്മാർക്ക് ക്രൂഡ് ഓയിൽ 4.5 ശതമാനം ഉയർന്ന് ബാരലിന് 91 ഡോളറും ആയി കുറഞ്ഞതോടെ എണ്ണവില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
