Thursday, March 12, 2026

ഭർത്താവിനെ ഖത്തറിൽ ഉപേക്ഷിച്ച് മടങ്ങുക; കനേഡിയൻ യുവതിയോട് എംബസി, വിവാദം

ദോഹ: മിഡിൽ ഈസ്റ്റിൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന കനേഡിയൻ പൗരന്മാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാനഡ എംബസിയുടെ നിലപാട് വിവാദത്തിലേക്ക്‌. പലസ്തീൻ പൗരനായ ഭർത്താവിനെ ഖത്തറിൽ ഉപേക്ഷിച്ച് കുട്ടികളുമായി നാട്ടിലേക്ക് മടങ്ങാൻ കനേഡിയൻ യുവതിയോട് എംബസി അധികൃതർ നിർദ്ദേശിച്ചതാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്‌. കഴിഞ്ഞ 20 വർഷമായി ദോഹയിൽ താമസിക്കുന്ന കനേഡിയൻ പൗരയായ ആമി നിക്കിയലും ഭർത്താവ് ഇയാദ് മസൂദും മൂന്ന് മക്കളുമാണ് ഈ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ കനേഡിയൻ പൗരന്മാരോട് ഖത്തർ വിടാൻ കനേഡിയൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇയാദിന് കനേഡിയൻ പൗരത്വമോ വിസയോ ഇല്ലാത്തതിനാൽ അദ്ദേഹത്തിൻ്റെ കാര്യത്തിൽ ഇടപെടാൻ സാധ്യമല്ലെന്നാണ്‌ എംബസി നിലപാട്‌. കുടുംബത്തെ മുഴുവനായി രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച ആമിക്ക് ഭർത്താവിനെ ഖത്തറിൽ ഉപേക്ഷിച്ച് മക്കളുമായി മാത്രം കാനഡയിലേക്ക് മടങ്ങാൻ തയ്യാറാണോ? എന്നായിരുന്നു എംബസിയിൽ നിന്നും ലഭിച്ച മറുപടി.

ഭർത്താവില്ലാതെ താൻ എങ്ങോട്ടുമില്ലെന്നും ഒരു കുടുംബത്തെ വേർപിരിക്കാനാണ് സ്വന്തം രാജ്യം ആവശ്യപ്പെടുന്നതെന്നും ആമി മാധ്യമങ്ങളോട്‌ പറഞ്ഞു. കുട്ടികളെയും ഭർത്താവിനെയും സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ ഖത്തറിലെ വ്യോമഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. സ്വന്തം പൗരൻമാരെ സൗദി അറേബ്യ വഴി ബസുകളിൽ മാറ്റാനാണ് കാനഡ പദ്ധതിയിടുന്നത്. എന്നാൽ വിദേശ പൗരത്വമുള്ള പങ്കാളികളെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാനഡയുടെ വിദേശകാര്യ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. അടിയന്തര സാഹചര്യങ്ങളിൽ വിദേശ പൗരന്മാരായ കുടുംബാംഗങ്ങൾക്ക് ‘ടെമ്പററി റെസിഡന്റ് പെർമിറ്റ്’ നൽകണമെന്ന ആവശ്യം കാനഡയിൽ ശക്തമായി. ആമിയുടെയും ഇയാദിന്റെയും കുടുംബത്തിന്റെ അവസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!