ലൊസാഞ്ചലസ്: ലോകം കാത്തിരിക്കുന്ന ഓസ്കർ പുരസ്കാര വേദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, പ്രമുഖർ ഒത്തുചേരുന്ന ഓസ്കർ വേദി ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി നൽകിയേക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർത്ത അമേരിക്കയുടെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്ക് പ്രതികാരമായി യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചേക്കുമെന്ന് എഫ്.ബി.ഐ കാലിഫോർണിയ പൊലീസിനെ അറിയിച്ചു. മാർച്ച് 15-ന് ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിന് മുന്നോടിയായി ലൊസാഞ്ചലസ് പൊലീസും എഫ്.ബി.ഐയും സംയുക്തമായി കനത്ത സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശം മുഴുവൻ കനത്ത നിരീക്ഷണത്തിലാണെന്ന് ലൊസാഞ്ചലസ് ഷെരീഫ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ഓസ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ ടീമാണ് കൂടെയുള്ളതെന്നും എഫ്.ബി.ഐയുടെയും എൽ.എ.പി.ഡിയുടെയും സഹായത്തോടെ ചടങ്ങ് സുരക്ഷിതമായി നടത്താൻ തങ്ങൾ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സമയം മാർച്ച് 15-നാണ് ചടങ്ങുകൾ നടക്കുന്നത്. സമയവ്യത്യാസം കാരണം ഇന്ത്യയിലുള്ളവർക്ക് മാർച്ച് 16-ന് പുലർച്ചെ ജിയോ ഹോട്ട്സ്റ്റാർ വഴി ഈ പുരസ്കാര നിശ തത്സമയം കാണാൻ സാധിക്കും. ഇത്തവണത്തെ ഓസ്കാർ നിശയുടെ അവതാരകനായി എത്തുന്നത് കോനൻ ഒബ്രിയൻ ആണ്. 16 നാമനിർദ്ദേശങ്ങളുമായി ‘സിന്നേഴ്സ്’ (Sinners) ആണ് മത്സരപ്പട്ടികയിൽ മുന്നിലുള്ളത്. 13 നാമനിർദ്ദേശങ്ങളുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ (One Battle after Another) തൊട്ടുപിന്നാലെയുണ്ട്. പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ, ആൻ ഹാതവേ തുടങ്ങിയ വമ്പൻ താരനിരയാണ് ഇത്തവണത്തെ ഓസ്കറിൽ അവതാരകരായി എത്തുന്നത്. യുദ്ധം മൂലം ആഗോള തലത്തിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ഓസ്കർ ചടങ്ങിന്റെ തിളക്കം കുറയ്ക്കുമോ എന്ന ആശങ്കയിലാണ് ഹോളിവുഡ്. റെഡ് കാർപെറ്റ് ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും അസാധാരണമായ സുരക്ഷാ സംവിധാനങ്ങളാണ് ഡോൾബി തിയേറ്ററിന് ചുറ്റും ഏർപ്പെടുത്തിയത്.
