മൺട്രിയോൾ : മധ്യ കാനഡയിൽ വീശിയടിച്ച ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് കെബെക്കിൽ രണ്ടു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച ഫ്രീസിങ് റെയിനും മഞ്ഞുവീഴ്ചയും മൺട്രിയോൾ മേഖലയിലും പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലും വൈദ്യുതി തടസ്സത്തിന് കാരണമായി. അതേസമയം ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴ ടൊറൻ്റോയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി.

ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചതോടെ മൺട്രിയോൾ മേഖലയിലെ സ്കൂളുകളും സർവകലാശാലകളും ക്ലാസുകൾ റദ്ദാക്കിയിരുന്നു. കൂടാതെ മൺട്രിയോൾ, കെബെക്ക് സിറ്റി എന്നിവിടങ്ങളിൽ ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മഞ്ഞുമൂടിയ കാലാവസ്ഥ മോൺട്രിയൽ പ്രദേശത്തെ REM ലൈറ്റ്-റെയിൽ ശൃംഖലയിലെ ചില സ്റ്റേഷനുകളിലെ സർവീസും വ്യാഴാഴ്ച രാവിലെ നിർത്തിവച്ചു.
