ടൊറൻ്റോ : നഗരത്തിലെ യുഎസ് കോൺസുലേറ്റിന് നേരെയുണ്ടായ വെടിവെപ്പിലുൾപ്പെട്ട പ്രതികൾ സഞ്ചരിച്ചിരുന്ന എസ്‌യുവി കണ്ടെടുത്തതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. യൂണിവേഴ്സിറ്റി അവന്യൂവിൽ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ടൊറൻ്റോയിലെ അജ്ഞാത സ്ഥലത്ത് നിന്നാണ് വാഹനം കണ്ടെത്തിയത്. അതേസമയം വെടിവെപ്പിൽ ഉൾപ്പെട്ട രണ്ടു പ്രതികൾ ഇപ്പോളും ഒളിവിലാണ്.

ചൊവ്വാഴ്ച പുലർച്ചെ 5:29 ഓടെയാണ് യൂണിവേഴ്സിറ്റി അവന്യൂവിനും ക്വീൻ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള കോൺസുലേറ്റ് കെട്ടിടത്തിന് നേരെ വെടിവെപ്പുണ്ടായത്. തുടർന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന വെളുത്ത ഹോണ്ട സിആർവി-യുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഈ വാഹനം ഡണ്ടാസ് സ്ട്രീറ്റിലൂടെ എത്തി യൂണിവേഴ്സിറ്റി അവന്യൂവിലേക്ക് തിരിയുകയും 360 യൂണിവേഴ്സിറ്റി അവന്യൂവിലുള്ള യുഎസ് കോൺസുലേറ്റിന് മുന്നിൽ നിർത്തുകയും ചെയ്തതായി ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. തുടർന്ന് രണ്ടു പേർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി കെട്ടിടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇരുവരും വാഹനത്തിൽ തിരികെ കയറി രക്ഷപ്പെട്ടു.
