വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടെ ചെങ്കടലിൽ വിന്യസിച്ച യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോഡിൽ തീപിടിത്തം. സംഭവത്തിന് യുദ്ധവുമായി ബന്ധമില്ലെന്ന് യുഎസ് സൈന്യം അറിയിച്ചു. തീപിടിത്തം ഉണ്ടായത് കപ്പലിന്റെ പ്രധാന ലോൺട്രി ഏരിയയിൽ നിന്നാണെന്നും പ്രൊപ്പൽഷൻ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും സൈന്യം അറിയിച്ചു. ഈ തീപിടുത്തം ശത്രുക്കളുടെ ആക്രമണം മൂലമുള്ളതല്ലെന്നും തികച്ചും ആകസ്മികമാണെന്നും യുഎസ് നേവി 5-ാം ഫ്ലീറ്റ് വ്യക്തമാക്കി. പരുക്കേറ്റ രണ്ട് നാവികരെയും കപ്പലിലെ തന്നെ മെഡിക്കൽ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.

കപ്പലിൽ പടർന്ന തീ ഉടൻ തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റിനോമറ്റ് നിർണ്ണായക ഭാഗങ്ങൾക്കോ തകരാർ സംഭവിച്ചിട്ടില്ല. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് നിലവിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് പെന്റഗൺ അറിയിച്ചു. കഴിഞ്ഞ ജൂൺ മുതൽ കടലിൽ തുടരുന്ന ഈ കപ്പൽ, അമേരിക്കൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധ ദൗത്യങ്ങളിലൊന്നിലാണ്. നേരത്തെ കപ്പലിലെ പ്ലംബിംഗ് സംവിധാനങ്ങളിൽ ഉണ്ടായ തകരാറുകൾ വാർത്തയായിരുന്നു. ഇറാൻ-ഇസ്രായേൽ യുദ്ധം രൂക്ഷമായിരിക്കെ അമേരിക്കൻ വ്യൂഹത്തിന്റെ നെടുംതൂണായ ഈ കപ്പലിലുണ്ടായ അപകടം യു.എസ് അധികൃതർ ജാഗ്രതയോടെയാണ് അധികൃതർ കാണുന്നത്.
