ടൊറന്റോ: കാനഡയിലെ സ്കൂളുകൾക്ക് അവധി നൽകുന്ന ‘മാർച്ച് ബ്രേക്കി’ൽ പതിവ് രാജ്യങ്ങളായ ക്യൂബയെയും മെക്‌സിക്കോയെയും കൈവിട്ട് കനേഡിയൻമാർ. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും അക്രമസംഭവങ്ങളും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്. ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമവും യു.എസ് ഉപരോധവും കാരണം ക്യൂബ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്യൂബയിലേക്കുള്ള ബുക്കിംഗിൽ 86% കുറവ് രേഖപ്പെടുത്തി. മെക്സിക്കോയിലെ വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലാര്ട്ടയിലുണ്ടായ കാർട്ടൽ അക്രമങ്ങൾ സഞ്ചാരികളെ ഭയപ്പെടുത്തിയതും പ്രധാനകാരണമാണ്. മെക്‌സിക്കോ ബുക്കിംഗിൽ 15% കുറവുണ്ടായി. ക്യൂബയും മെക്സിക്കോയും ഒഴിവാക്കുന്ന കാനഡക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫ്ലോറിഡ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവlടങ്ങളിലാണ്. ഫ്ലോറിഡയിലേക്കുള്ള ബുക്കിംഗ് 163% ഉം ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് 142% ഉം ആയാണ് വർദ്ധിച്ചത്.

അതേ പോലെ ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനും ആളുകൾ ഇഷ്‌ടപ്പെടുന്നു. കരീബിയൻ ദ്വീപുകളിലെ കോസ്റ്റാറിക്ക, അരൂബ, ബാർബഡോസ്, മാർട്ടിനിക് തുടങ്ങിയ സ്ഥലങ്ങളും മറ്റ് ഇഷ്‌ടങ്ങളാണ്. അതേ സമയം യാത്രാ പദ്ധതികൾ മാറ്റുന്നത് കാനഡക്കാരുടെ പോക്കറ്റിനെ കാര്യമായി ബാധിക്കുന്നുണ്ട്. ക്യൂബയെപ്പോലെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഇടങ്ങൾ ഇല്ലാതാകുന്നത് യാത്രയുടെ മൊത്തം ചെലവ് കൂട്ടുന്നു. എങ്കിലും, കാനഡയിലെ കഠിനമായ മഞ്ഞുകാലത്ത് നിന്ന് രക്ഷപ്പെടാൻ വലിയ തുക നൽകിയും വിദേശയാത്രകൾക്ക് പലരും തയ്യാറാകുന്നുണ്ടെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു.
