ഓട്ടവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തിലെ അസ്വാരസ്യങ്ങളെത്തുടർന്ന് കനേഡിയൻ വിനോദസഞ്ചാരികൾക്കിടയിൽ യുഎസ് യാത്രകളോടുള്ള താല്പര്യം കുറയുന്നതായി നാനോസ് റിസർച്ച് സർവ്വേ. 2026-ൽ കനേഡിയൻ ജനതയിൽ 43% പേരും അമേരിക്കയിലേക്കുള്ള യാത്രകൾ കുറയ്ക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ ഉൽപ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കാനാണ് പലരും ശ്രമിക്കുന്നത്. യാത്രയ്ക്കായി മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന ചിന്ത കനേഡിയൻ സഞ്ചാരികൾക്കിടയിൽ ശക്തമാകുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാമ്പത്തിക സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശയാത്രകളേക്കാൾ സുരക്ഷിതവും ലാഭകരവും സ്വന്തം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളാണെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത് കാനഡയിലെ ആഭ്യന്തര ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2025 ഡിസംബറിലെ കണക്കുകൾ പ്രകാരം അമേരിക്കയിലേക്കുള്ള യാത്രകളിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയിലെ നിലവിലെ അശാന്തമായ സാഹചര്യങ്ങളും സുരക്ഷാ ഭീഷണിയുമാണ് കനേഡിയൻ യാത്രക്കാരെ പിന്നോട്ടടുപ്പിക്കുന്നത്. അരക്ഷിതാവസ്ഥ നിറഞ്ഞ യുഎസ് യാത്രകളേക്കാൾ കാനഡയുടെ ഭംഗി ആസ്വദിക്കാനാണ് തങ്ങൾ താല്പര്യപ്പെടുന്നതെന്ന് വിമാനത്താവളങ്ങളിൽ എത്തിയ പല യാത്രക്കാരും പ്രതികരിച്ചു. അത്യാവശ്യ ജോലി കാര്യങ്ങൾക്കല്ലാതെ അമേരിക്കയിലേക്ക് പോകാൻ മടിയുണ്ടെന്നും പകരം മെക്സിക്കോ പോലെയുള്ള രാജ്യങ്ങളോ അല്ലെങ്കിൽ കാനഡയിലെ തന്നെ മറ്റ് നഗരങ്ങളോ തിരഞ്ഞെടുക്കുമെന്നും ഇവർ വ്യക്തമാക്കി.
