ടൊറന്റോ: കാനഡയിലെ പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധനും ഡോക്ടറുമായ ഡേവിഡ് എഡ്വേർഡ്-ഒയി പൂണിനെതിരെ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ടൊറന്റോ പോലീസ് 28 പുതിയ കേസുകൾ കൂടി ചുമത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി സ്പർശിച്ചതും രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്. ഇതോടെ ഇയാൾക്കെതിരെയുള്ള ആകെ ക്രിമിനൽ കുറ്റങ്ങൾ 71 ആയി ഉയർന്നു. വളരെ ഗുരുതരസ്വഭാവമുള്ള കണ്ടെത്തലിനെ തുടർന്നാണ് പുതിയ കേസുകൾ കൂടി ചുമത്തിയത്. 2009 മുതൽ 2025 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. ഇയാളുടെ ഗൂഗിൾ ഡ്രൈവ് അക്കൗണ്ടിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന 11 ചിത്രങ്ങൾ കണ്ടെത്തിയ യുഎസ് ടെക് ഭീമനായ ഗൂഗിൾ നൽകിയ രഹസ്യ വിവരമാണ് ഈ ഗൗരവ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരാൻ പോലീസിനെ സഹായിച്ചത്. 2009-ൽ ഇയാൾ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന കാലം മുതലുള്ള കുറ്റകൃത്യങ്ങൾ പുതിയ അന്വേഷണത്തിൽ കണ്ടെത്തി.

കോവിഡ് കാലത്ത് അതിർത്തി നിയന്ത്രണങ്ങൾ കാരണം വേർപിരിഞ്ഞ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനായി ഫേസസ് ഓഫ് അഡ്വക്കസി എന്ന പേരിൽ സോഷ്യൽ മീഡിയ കാമ്പെയ്‌ൻ നടത്തി പ്രശസ്തനായ വ്യക്തിയാണ് പൂൺ. സസ്‌കാച്വാനിലും ഒന്റാരിയോയിലും ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഇയാളുടെ ലൈസൻസ് നിലവിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, പൂൺ അതീവ അപകടകാരിയായ ഒരു ലൈംഗിക വേട്ടക്കാരനാണെന്ന് കരുതേണ്ടി വരുമെന്നും അങ്ങനെയെങ്കിൽ അനിശ്ചിതകാല തടവ് ശിക്ഷ ലഭിക്കാനും സാധ്യതയുണ്ടെന്നും ക്രിമിനൽ അഭിഭാഷകൻ ഡേവിട്ട് ബട്ട് പറഞ്ഞു. പുതിയ കുറ്റപത്രത്തിൽ 13 ഇരകളെ കൂടി പോലീസ് തിരിച്ചറിഞ്ഞു. നിലവിൽ ജയിലിൽ കഴിയുന്ന പൂണിനെ വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കും. ഈ കേസിലെ നിയമനടപടികൾ സങ്കീർണ്ണമായതിനാൽ വിചാരണ പൂർത്തിയാകാൻ ദീർഘകാലം എടുത്തേക്കും.
