ഓട്ടവ: കാനഡയെയും യുഎസിനേയും ബന്ധിപ്പിക്കുന്ന ഗോർഡി ഹാവ് ഇന്റർനാഷണൽ ബ്രിഡ്ജിലെ ടോൾ നിരക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് വിൻസർ-ഡിട്രോയിറ്റ് ബ്രിഡ്ജ് അതോറിറ്റി (WDBA). 2026 മാർച്ച് 11-ന് പുറത്തുവിട്ട പുതിയ നിരക്കുകൾ പ്രകാരം, നിലവിലുള്ള അംബാസഡർ ബ്രിഡ്ജിനേക്കാൾ കുറഞ്ഞ തുകയ്ക്ക് യാത്രക്കാർക്ക് അതിർത്തി കടക്കാം. യാത്രക്കാർക്കും ബിസിനസ് മേഖലയ്ക്കും ഒരുപോലെ ആശ്വാസകരമാകുന്ന ഇളവുകളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
പുതിയ നിരക്കുകൾ പ്രകാരം പാസഞ്ചർ വാഹനങ്ങൾക്ക് 8.00 കനേഡിയൻ ഡോളർ (5.75 USD) ആണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്. കൊമേഴ്‌സ്യൽ ട്രക്കുകൾക്ക് ഓരോ ആക്‌സിലിനും (Axle) 12.00 കനേഡിയൻ ഡോളർ വീതം നൽകണം. എന്നാൽ, പുതുതായി അവതരിപ്പിച്ച ബ്രേക്ക് എവേ ഡിസ്‌കൗണ്ട് പ്രോഗ്രാമിലൂടെ യാത്രക്കാർക്ക് ടോൾ നിരക്കിൽ 25% വരെ ഇളവ് ലഭിക്കും. ഈ പദ്ധതി പ്രകാരം പാസഞ്ചർ വാഹനങ്ങൾക്ക് 6.00 ഡോളറും ട്രക്കുകൾക്ക് ആക്‌സിൽ ഒന്നിന് 9.60 ഡോളറുമായി ടോൾ കുറയും.

ബ്രേക്ക് എവേ പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷൻ നിലവിൽ ബിസിനസ് അക്കൗണ്ടുകൾക്കായി ആരംഭിച്ചിട്ടുണ്ട്. വ്യക്തിഗത വാഹന ഉടമകൾക്കുള്ള രജിസ്ട്രേഷൻ വരും ആഴ്ചകളിൽ തന്നെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കാനഡ-അമേരിക്ക അതിർത്തി യാത്രകൾ കൂടുതൽ ലാഭകരമാക്കുന്നതോടൊപ്പം, പാലത്തിന് മുകളിലൂടെയുള്ള മൾട്ടി-യൂസ് പാത്ത് വഴി നടന്നു പോകുന്നവർക്കോ സൈക്കിൾ യാത്രക്കാർക്കോ ടോൾ നൽകേണ്ടതില്ല എന്നും അധികൃതർ അറിയിച്ചു.
